യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയത് 2.75 ലക്ഷം പ്രവാസികൾ; പലരും മടങ്ങാനുള്ള തീരുമാനം മാറ്റി; വന്ദേഭാരത് വിമാനങ്ങളിൽ സീറ്റ് ഒഴിവ്

ദുബായ്: ലോക്ക്ഡൗണിന് പിന്നാലെ മേയ് ഏഴ് മുതൽ ആരംഭിച്ച പ്രത്യേക വിമാന സർവീസുകളിൽ 2,75,000 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങിയതായി ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ്. വന്ദേ ഭാരത് ദൗത്യം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം അഞ്ച് ലക്ഷത്തിലധികം പേരാണ് നാട്ടിലേക്ക് മടങ്ങാനായി വെബ്‌സൈറ്റുകളിൽ രജിസ്റ്റർ ചെയ്തതെന്നും കോൺസുലേറ്റ് അറിയിച്ചു.

അതേസമയം, നാട്ടിലേക്ക് തിരിക്കാനായി രജിസ്റ്റർ ചെയ്തിരുന്ന ഭൂരിപക്ഷം പേരു ംതീരുമാനം മാറ്റിയതായാണ് വിവരം. കഴിഞ്ഞ ആഴ്ചകളിൽ കോൺസുലേറ്റ് നിരവധിപ്പേരെ ബന്ധപ്പെട്ടിരുന്നെങ്കിലും ഭൂരിപക്ഷം പേരുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെട്ടുവെന്ന മറുപടിയാണ് ലഭിച്ചത്. ചില മേഖലകൾ മാത്രമാണ് ബാക്കിയുള്ളത്. നാട്ടിലേക്ക് മടങ്ങേണ്ട ചിലരെങ്കിലും ഇപ്പോഴും ബാക്കിയുണ്ടെന്നാണ് സൂചന. പക്ഷേ വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടോ ടിക്കറ്റ് സംഘടിപ്പിക്കാനുള്ള സാമ്പത്തിക നിലയില്ലാത്തതുകൊണ്ടോ മടങ്ങാത്തവരുണ്ടാകാമെന്നും കോൺസുലേറ്റ് ട്വീറ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകളിൽ നിരവധി സീറ്റുകൾ ഒഴിവുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു. ഓഗസ്റ്റ് 15 വരെയുള്ള 90ഓളം വിമാനങ്ങളിലേക്ക് ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓഗസ്റ്റ് 16 മുതൽ 31 വരെയുള്ള വിമാനങ്ങളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. ഇതിന് പുറമെ എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, സ്‌പൈസ് ജെറ്റ്, ഇന്റിഗോ, ഗോ എയർ തുടങ്ങിയ വിമാനക്കമ്പനികൾ ദുബായ്, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നൂറോളം സർവീസുകൾ നടത്തുന്നുണ്ട്. ഈ വിമാനങ്ങളിലേക്കെല്ലാം ഉള്ള ടിക്കറ്റുകൾ അതത് കമ്പനികളുടെ വെബ്‌സൈറ്റുകളിലോ ട്രാവൽ ഏജൻസികൾ വഴിയോ ലഭ്യമാവും. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാർ വന്ദേ ഭാരത് വിമാനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണം.

മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസയുടെ കാലാവധി അവസാനിച്ചവർക്ക് പിഴ അടയ്ക്കാതെ രാജ്യം വിടാനുള്ള അവസരം ഓഗസ്റ്റ് 10 വരെയാണ്. ടിക്കറ്റുകളെക്കാൻ സാധിക്കാതെ യാത്ര ചെയ്യാനാവാത്ത അവസ്ഥയിലുള്ളവർ വിശദ വിവരങ്ങളടക്കം www.cgidubai.gov.in/helpline.php എന്ന വെബ്‌സൈറ്റിലൂടെ കോൺസുലേറ്റുമായി ബന്ധപ്പെടണം.

Exit mobile version