കൊവിഡ് വ്യാപനം കുറഞ്ഞ് സൗദി; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1759 പേര്‍ക്ക്, രോഗമുക്തി നേടിയത് 2945 പേരും

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു. തുടര്‍ച്ചയായി രാജ്യത്തിന് ആശ്വാസ ദിനങ്ങളാണ് ലഭിക്കുന്നത്. ഇന്ന് 1759 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇരട്ടി ആശ്വാസമേകുന്നത് രോഗമുക്തിയാണ്. ഇന്ന് മാത്രം 2945 പേരാണ് വൈറസില്‍ നിന്നും രോഗമുക്തി നേടിയത്. രോഗം ബാധിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടുന്ന കാഴ്ചയാണ് ഉള്ളത്.

ആകെ രോഗബാധിതരുടെ എണ്ണം 2,72,590ഉം ആകെ രോഗമുക്തരുടെ എണ്ണം 2,28,569ഉം ആയി ഉയര്‍ന്നു. അതേസമയം, ഇന്ന് രാജ്യത്ത് 27 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. റിയാദ് 11, ജിദ്ദ 8, മക്ക 1, ദമ്മാം 2, മദീന 1, ഹുഫൂഫ് 1, ഹഫര്‍ അല്‍ബാത്വിന്‍ 1, വാദി ദവാസിര്‍ 1, വാദി ദവാസിര്‍ 1, മഹായില്‍ 1 എന്നിവിടങ്ങളിലാണ് ഇന്ന് മരണം സംഭവിച്ചത്. ആകെ മരണ സംഖ്യ 2816ഉം ആയി. രാജ്യത്തെ രോഗമുക്തിനിരക്ക് 83.9 ശതമാനത്തിലെത്തി നില്‍ക്കുകയാണ്.

വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 41,205 ആയി കുറഞ്ഞു. ഇതില്‍ 2063 പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,845 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

Exit mobile version