കോവിഡ് ഭേദമായി നാട്ടിലേക്ക് വരാനിരിക്കെ ശ്വാസതടസ്സം, കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

ബഹ്റൈന്‍: കോവിഡ് ബാധിച്ച് പ്രവാസലോകത്ത് ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി പാറക്കുതാഴ ജമാല്‍ ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്.

ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കോവിഡ് നെഗറ്റീവായി. അപ്പോള്‍ തന്നെ നാട്ടിലേക്ക് വരാനായി ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷെ, ശ്വാസതടസ്സം വന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഏതാനും ആഴ്ചകളായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ കഴിഞ്ഞ ദിവസം രാവിലെയാണ് മരണം സംഭവിച്ചത്. 35 വര്‍ഷമായി പ്രവാസജീവിതം നയിക്കുകയായിരുന്നു ജമാല്‍.

ബഹ്‌റൈനിലെ കലിമ കര്‍ട്ടന്‍ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ പാറക്കുതാഴ കുഞ്ഞമ്മദ് ഹാജി. മാതാവ്: പരേതയായ ഹലീമ. ഭാര്യ: സറീന പാലേരി. മക്കള്‍ തന്‍വീര്‍, ഷകീബ്. സഹോദരങ്ങള്‍: അഷ്‌റഫ്, അലി, ഫാത്വിമ, പരേതയായ സുലൈഖ, സഫിയ, സൈനബ

Exit mobile version