വന്ദേ ഭാരത് മിഷന്‍; എയര്‍ ഇന്ത്യക്ക് പുറമെ ഇന്‍ഡിഗോയും ഗോഎയറും, സൗദിയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു

റിയാദ്: വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ സൗദിയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ എംബസി. എയര്‍ ഇന്ത്യക്ക് പുറമെ ഇന്‍ഡിഗോ, ഗോഎയര്‍ വിമാനങ്ങളിലായി 47 അധിക സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 21 മുതല്‍ 31 വരെ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്.

പ്രഖ്യാപിച്ച 47 അധിക സര്‍വീസുകളില്‍ 25 വിമാന സര്‍വീസുകള്‍ കേരളത്തിലേക്കാണ്. ഗോ എയറിന് പതിനഞ്ച് സര്‍വീസുകളാണ് ഉള്ളത്. ഇത് മുഴുവന്‍ കേരളത്തിലേക്കാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ദമ്മാമില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്‍ഡിഗോയുടെ പത്ത് വിമാന സര്‍വീസുകളും കേരളത്തിലേക്കുണ്ട്.

ദമ്മാമില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഗോ എയറിന്റെ മൂന്ന് സര്‍വീസും ഇന്‍ഡിഗോയുടെ മൂന്ന് സര്‍വീസുമാണ് ഉള്ളത്. റിയാദില്‍ നിന്ന് നാലും ജിദ്ദയില്‍ നിന്ന് രണ്ടും സര്‍വീസുകളാണ് കോഴിക്കേട്ടേക്ക് നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയിലേക്കും ഗോ എയറിന്റെ മൂന്ന് സര്‍വീസുകളുണ്ട്. തിരുവനന്തപുരത്തേക്ക് ഗോ എയര്‍ മൂന്ന്, ഇന്‍ഡിഗോ ഒന്ന്, കണ്ണൂരിലേക്ക് ഇന്‍ഡിഗോ മൂന്ന് എന്നിങ്ങനെയാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Exit mobile version