വന്ദേഭാരത് മിഷന്‍; സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് 19 സര്‍വ്വീസുകള്‍

റിയാദ്: വന്ദേഭാരത് മിഷന്‍ ആറാംഘട്ടത്തില്‍ സൗദിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചു. സെപ്തംബറിലെ ആദ്യ രണ്ട് ആഴ്ചകളിലെ വിമാന ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. പത്തൊന്‍പത് സര്‍വീസുകളാണ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒന്‍പത് എണ്ണം കേരളത്തിലേക്കും ബാക്കിയുള്ളവ മറ്റു സംസ്ഥാനങ്ങളിലേക്കുമാണ്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാന കമ്പനി ഓഫീസുകളെ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ കരസ്ഥമാക്കാവുന്നതാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

സെപ്തംബറില്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. റിയാദ്, ദമ്മാം വിമാനത്താവളങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സര്‍വീസുകള്‍. ജിദ്ദയില്‍ നിന്നും ഇത്തവണ കേരളത്തിലേക്ക് സര്‍വീസുകളൊന്നുമില്ല.

സെപ്തംബര്‍ നാലിനും പതിമൂന്നിനും ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കും, അഞ്ചിനും, ഏഴിനും കോഴിക്കോട്ടേക്കും, എട്ടിന് കൊച്ചിയിലേക്കും, പതിനാലിന് കണ്ണൂരിലേക്കുമാണ് സര്‍വീസുകള്‍. റിയാദില്‍ നിന്നും ഏഴിന് തിരുവനന്തപുരത്തേക്കും, പന്ത്രണ്ടിന് കൊച്ചിയിലേക്കും, പതിമൂന്നിന് കോഴിക്കോട്ടേക്കും സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നടത്തുക.

Exit mobile version