താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങാം; യുഎഇയിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ ഇന്ത്യ, ബുക്കിംഗ് തുടങ്ങി

ദുബായ്: നാലുമാസത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ജൂലൈ 12 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അതിന്റെ സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യം അറിയിച്ചത്. http://airindiaexpress.in എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://blog.airindiaexpress.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ട്വിറ്ററില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. വന്ദേ ഭാരത് ദൗത്യത്തിന് ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളിലാണ് മടങ്ങാന്‍ കഴിയുക.

യുഎഇ താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇന്ത്യയിലെയും യുഎഇയിലെയും വ്യോമയാന മന്ത്രാലയങ്ങള്‍ ഇതു സംബന്ധിച്ച ധാരണയിലെത്തി.

യുഎഇയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന താമസവിസയുള്ള ഇന്ത്യക്കാര്‍ യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് 19 പിസിആര്‍ സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കണം. covid 19 dxb ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

കോവിഡ് 19നെ തുടര്‍ന്നുണ്ടായ യാത്ര നിയന്ത്രണങ്ങള്‍ കാരണം നാലു മാസത്തിലധികമായി നാട്ടില്‍ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് യുഎ ഇയിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നത്.

അതേസമയം, യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വന്ദേ ഭാരത് മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങള്‍ സര്‍വീസ് തുടരും.

Exit mobile version