ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ചു, പിന്നാലെ ഭാര്യയ്ക്കും മൂന്ന് വയസ്സുള്ള മകള്‍ക്കും രോഗം, അതിജീവിച്ച് ഖത്തറിലെ മലയാളി കുടുംബം

ദോഹ: കോവിഡ് ഡ്യൂട്ടിക്കിടെയാണ് നഴ്‌സ് ആയ തൃശൂര്‍ പുന്നയൂര്‍ സ്വദേശി മുഹമ്മദ് ഷാഹിനു രോഗം ബാധിച്ചത്. പിന്നാലെ ഭാര്യയ്ക്കും മൂന്ന് വയസ്സുള്ള മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കോവിഡിനോട് തോറ്റുകൊടുക്കാന്‍ ഖത്തറിലെ ഈ മലയാളി കുടുംബത്തിന് മനസ്സില്ലായിരുന്നു. വൈറസിനോട് പൊരുതി വിജയിച്ചു.

ഖത്തര്‍ റെഡ്ക്രസന്റ് ആംബുലന്‍സ് വിഭാഗത്തില്‍ നഴ്‌സ് ആണ് മുഹമ്മദ് ഷാഹിന്‍. കോവിഡ് ഡ്യൂട്ടിക്കിടെയാണ് രോഗമെത്തിയത്. ഷാഹിന് കോവിഡ് ഡ്യൂട്ടി ആരംഭിച്ചത് മുതല്‍ ഭാര്യ റാജിയും മകള്‍ മെഹ്വിഷിനും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിഞ്ഞു.

കുഞ്ഞു മകള്‍ ഉള്ളതിനാല്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്നുവെന്ന് ഷാഹിന്‍ പറയുന്നു. ഷാഹിനും ആംബുലന്‍സില്‍ ഒപ്പമുള്ള സഹപ്രവര്‍ത്തകന്‍ മുജാഹിദിനും ശരീരവേദനയും പനിയും ഉണ്ടായതോടെയാണ് പരിശോധനയ്ക്കു വിധേയരായത്.

തുടര്‍ന്ന് രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് ഹോട്ടല്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. 2 ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യക്കും മകള്‍ക്കും കോവിഡ് പോസിറ്റീവായി. അവരും ഒപ്പമെത്തി. പിന്നീട് കോവിഡിനോടുള്ള ഒന്നിച്ചുള്ള പോരാട്ടമായിരുന്നു ഈ മലയാളി കുടുംബത്തിന്റേത്.

14 ദിവസം ഹോട്ടലിലും 7 ദിവസവും വീട്ടിലുമായി കഴിഞ്ഞ ക്വാറന്റീന്‍ ജീവിതം. രോഗത്തോട് പൊരുതി ഒടുവില്‍ ഷാഹിനും ഭാര്യയും കുഞ്ഞും ജീവിതത്തിലേക്ക് തിരിച്ചെത്തി. സ്വയം സുരക്ഷിതരാകുന്നതിനൊപ്പം മറ്റുളളവരിലേക്കു രോഗം പകര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണു ഷാഹിനു സമൂഹത്തോട് പറയാനുള്ളത്.

കൂടാതെ ക്വാറന്റീന്‍ ജീവിതം പ്രതിസന്ധിയില്‍ ആരൊക്കെ ഒപ്പമുണ്ടെന്ന് തിരിച്ചറിയാന്‍ സഹായിച്ചുവെന്നും ഷാഹിന്‍ കൂട്ടിച്ചേര്‍ത്തു. ശാരീരിക ബുദ്ധിമുട്ടുകളും ടെന്‍ഷനും ഒക്കെയുണ്ടായിരുന്നെങ്കിലും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ എന്ന നിലയില്‍ എല്ലാറ്റിനെയും അതിജീവിക്കേണ്ടതുണ്ടെന്ന ബോധ്യമുണ്ടായിരുന്നു.

സര്‍ക്കാരിന്റെ മികച്ച പരിചരണം, ഡിപ്പാര്‍ട്‌മെന്റിലെ ഓഫിസര്‍മാരുടെ കരുതല്‍, ആത്മധൈര്യം നല്‍കി. എന്തിനും കൂടെ നിന്ന ഉറ്റ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടേയും പ്രാര്‍ത്ഥന, ഭക്ഷണവും സഹായവുമായി ചേര്‍ത്തുപിടിച്ച അയല്‍വാസികള്‍ ഇവരെല്ലാമായിരുന്നു ഞങ്ങളുടെ ശക്തിയെന്നും ഷാഹിന്‍ വ്യക്തമാക്കി.

Exit mobile version