ഭാര്യയെ കളിയാക്കി നിരാശയോടെ വലിച്ചെറിഞ്ഞ ടിക്കറ്റിന് 30 കോടി രൂപ സമ്മാനം, ശരിക്കും ഭാഗ്യം കൊണ്ടുവന്നത് ഭാര്യയാണെന്ന് സമ്മതിച്ച് നൗഫല്‍

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30.5 കോടി രൂപ) സമ്മാനമായി ലഭിച്ചിരിക്കുകയാണ് മലയാളികളുടെ സംഘത്തിന്. ദുബായില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നൗഫല്‍ മായന്‍ കളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിനാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

എന്നാല്‍, ശരിക്കും ഭാഗ്യം കൊണ്ടുവന്നത് തന്റെ ഭാര്യ ഷറീനയാണെന്നാണ് നൗഫല്‍ പറയുന്നത്. നേരത്തെയും നൗഫല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ ഇത്തവണ ഭാര്യ ഷറീന ഒരു ഉപാധിവച്ചു. ഒട്ടേറെ പാവപ്പെട്ടവര്‍ ചേര്‍ന്നാണല്ലോ ടിക്കറ്റെടുക്കുന്നത്. അവര്‍ക്കൊരു ഉപകാരമാകണമെങ്കില്‍ ഹോട്ട് നമ്പര്‍ തിരഞ്ഞെടുക്കാന്‍ തന്നെ അനുവദിക്കണമെന്നായിരുന്നു ഇത്. ഇക്കാര്യം അംഗീകരിച്ചാണ് ടിക്കറ്റെടുത്തതെന്ന് നൗഫല്‍ പറയുന്നു.

രണ്ട് ടിക്കറ്റെടുത്തപ്പോള്‍ ഒരെണ്ണം സൗജന്യമായി ലഭിച്ചിരുന്നു. സമ്മാനം ലഭിക്കുമെന്ന് പതിവുപോലെ നറുക്കെടുപ്പ് ലൈവായി കാണുമ്പോഴും വലിയ നൗഫലിന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. നീ എടുത്ത ടിക്കറ്റായതുകൊണ്ടല്ലേ അടിക്കാത്തത് എന്നു പറഞ്ഞ് ഭാര്യയെ കളിയാക്കി നിരാശയോടെ നൗഫല്‍ ടിക്കറ്റ് വലിച്ചെറിഞ്ഞു.

ഈ സമയത്താണ് ബിഗ് ടിക്കറ്റില്‍നിന്ന് ഫോണ്‍കോള്‍ വന്നത്. ഒന്നാം സമ്മാനം നേടിയത് നൗഫല്‍ എടുത്ത ടിക്കറ്റിന്. നൗഫല്‍ സമ്മതിച്ചു ഭാര്യയുടെ ഭാഗ്യമാണ് സമ്മാനം കൊണ്ടുവന്നതെന്ന്. ഇരുപത് സുഹൃത്തുക്കളുമായി ചേര്‍ന്ന് നൗഫല്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ഓരോരുത്തരും 50 ദിര്‍ഹം വീതം എടുത്താണ് ടിക്കറ്റെടുത്തത്. സമ്മാത്തുക തുല്യമായി വീതിക്കുമ്പോള്‍ 1.75 കോടി രൂപയാണ് ലഭിക്കുക. നൗഫലിന്റെ സഹോദരീ ഭര്‍ത്താക്കന്മാരായ അബ്ദുല്‍ജലീല്‍, അബ്ദുല്‍റഹൂഫ് എന്നിവര്‍ കൂടി സംഘത്തിലുള്ളതിനാല്‍ ഇവരുടെ കുടുംബത്തിലേക്കു മാത്രം 5.25 കോടി രൂപയെത്തും.

Exit mobile version