കോവിഡ്; കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു, മരിച്ചത് തൃശ്ശൂര്‍ സ്വദേശി

കുവൈറ്റ്: കോവിഡ് 19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി പ്രവാസ ലോകത്ത് മരിച്ചു. തൃശൂര്‍ പട്ടിപ്പറമ്പ് സ്വദേശി വടക്കേതില്‍ രാജന്‍ സുബ്രഹ്മണ്യനാണ് കുവൈറ്റില്‍ മരിച്ചത്. അമ്പത്തിനാല് വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് രാജനെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെവെച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

അതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ- സീന, മക്കള്‍- അയ്യപ്പദാസ്, വിഷ്ണു.

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും. കോവിഡ് വൈറസ് ബാധിച്ച് ഇതിനോടകം നിരവധി മലയാളികളാണ് പ്രവാസലോകത്ത് മരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും ഗള്‍ഫ് നാടുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കുകയാണ്.

Exit mobile version