കൊവിഡ് വ്യാപനം കുറയുന്നു; ആരോഗ്യമേഖല പൂര്‍വ്വസ്ഥിതിയിലേയ്ക്ക്, ആശ്വാസത്തില്‍ യുഎഇ

അബുദാബി: യുഎഇയില്‍ കൊവിഡ് വ്യാപനം കുറയുന്നു. ഇതോടെ ആരോഗ്യമേഖലയും പൂര്‍വ്വസ്ഥിതിയിലേയ്ക്ക് എത്തിയിരിക്കുകയാണ്. കൊവിഡ് രോഗികള്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് സ്‌പെഷ്യല്‍ ആശുപത്രികളിലേക്ക് മറ്റുരോഗികള്‍ക്കും പ്രവേശനം അനുവദിച്ചു തുടങ്ങി. യുഎഇയില്‍ കൊവിഡ് വ്യാപനം കുറയുന്നതായാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

കൊവിഡ് വ്യാപനം തുടങ്ങിയ സാഹചര്യത്തില്‍ പല ആശുപത്രികളും കൊവിഡ് രോഗികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, രോഗവ്യാപനം കുറഞ്ഞതോടെ ആരോഗ്യമേഖലയും പൂര്‍വസ്ഥിതിയിലേക്ക് മാറുകയാണെന്നാണ് ലഭിക്കുന്ന വിവരം. അബുദാബി അല്‍ ദഫ്‌റയിലെ ആശുപത്രികളില്‍ കൊവിഡ് രോഗികളില്ലെന്ന് അബുദാബി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു.

ആഡ്‌നെക് ഫീല്‍ഡ് ഹോസ്പിറ്റല്‍, ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റി, മെഡിക്‌ളിനിക് ആശുപത്രികള്‍, തവാം ആശുപത്രി എന്നിവിടങ്ങളിലും നിലവില്‍ കൊവിഡ് രോഗികളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് ഭീതി കുറഞ്ഞെങ്കിലും മുന്‍കരുതലുകള്‍ ഉറപ്പാക്കിയാണ് ആശുപത്രികളുടെ പ്രവര്‍ത്തനം നടക്കുന്നത്. പിപി ഇ കിറ്റും ഫേസ് മാസ്‌കും, ഗ്‌ളൌസുമൊക്കെ ധരിച്ചാണ് രോഗികളെ ചികിത്സിക്കുന്നത്.

ആശുപത്രികളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതടക്കം എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.

Exit mobile version