ഗോവയില്‍ നിന്ന് ആശ്വാസ വാര്‍ത്ത!കൊവിഡ് ബാധിച്ച അവസാനത്തെയാളും ആശുപത്രിവിട്ടു; ഗോവ കൊവിഡ് മുക്തം

പനാജി: ഗോവയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഗോവയില്‍ അവസാന കൊവിഡ് രോഗിക്കും അസുഖം ഭേദമായി. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ മൂന്നിന് ശേഷം സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രമോദ് സാവന്ത് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തിന് ഇത് സംതൃപ്തിയുടെയും ആശ്വാസത്തിന്റെയും സമയമാണ്. ഈ നേട്ടത്തിന്റെ പൂര്‍ണമായ അര്‍ഹത ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആണെന്നും അദ്ദേഹം കുറിച്ചു. ഏഴ് കൊവിഡ് കേസുകള്‍ മാത്രമാണ് ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 27 പേര്‍ മരിച്ചു. 1,334 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ 507 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15712 ആയി.

Exit mobile version