ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായ പ്രവാസികളെ പിഴിഞ്ഞ് ട്രാവൽ ഏജൻസികൾ

ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായ പ്രവാസികളെ പിഴിഞ്ഞ് ട്രാവൽ ഏജൻസികൾ; നാടണയാൻ ടിക്കറ്റിന് ഈടാക്കുന്നത് നാൽപ്പതിനായിരത്തോളം

കോഴിക്കോട്: കൊവിഡ് കാലത്ത് നാട്ടിലെത്താനായി കഷ്ടപ്പെടുന്ന പ്രവാസികളെ പിഴിഞ്ഞ് ട്രാവൽ ഏജൻസികൾ. കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ അറേബ്യയുടെ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യാൻ റീഗൽ ട്രാവൽ ഏജൻസി എന്ന സ്ഥാപനം 38,000 രൂപയാണ് ഈടാക്കിയതെന്ന് പ്രവാസി യുവാവ് ആരോപിക്കുന്നു. വിവിധ സംഘടനകൾ 19,000 രൂപയ്ക്ക് ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രവാസികളെ എത്തിക്കുന്നതിനിടെയാണ് പ്രവാസികളെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കാന് ചിലർ ശ്രമിക്കുന്നത്.

കൊവിഡ് പ്രതിസന്ധി ട്രാവൽ ഏജൻസികൾ മുതലെടുക്കുകയാണെന്ന് കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ ജോബ്‌സൺ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഷാർജയിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിർബന്ധിത അവധിയിൽ പോകാൻ പറഞ്ഞതോടെ രണ്ടുമാസത്തിലേറെ കടുത്ത പ്രതിസന്ധിയിലായ ജോബ്‌സണെ പോലും ട്രാവൽ ഏജൻസി വെറുതെവിട്ടില്ല.

വിമാനസർവീസില്ലാത്തതിനാൽ ചാർട്ടേഡ് വിമാനത്തിൽ ടിക്കറ്റ് സംഘടിപ്പിക്കാൻ തീരുമാനിച്ച ജോബിസണ്, ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കായി റീഗൽ ട്രാവൽ ഏജൻസി എന്ന സ്ഥാപനത്തിന് നൽകേണ്ടി വന്നത് 38000 രൂപയാണ്.

ഇക്കഴിഞ്ഞ 23 ന് ആയിരുന്നു യാത്ര. 38000 രൂപ അതായത് 1900 ദിർഹമാണ് ട്രാവൽസ് വാങ്ങിച്ചതെന്ന് ജോബ്‌സൺ പറയുന്നു. പണം കടംവാങ്ങി ടിക്കറ്റെടുത്ത് നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയാണ് ജോബ്‌സണിപ്പോൾ.

ജോബ്‌സണെ പോലെ കടുത്ത പ്രതിസന്ധിയിലായ നിരവധി പ്രവാസികളാണ് ഇതുപോലെ ചൂഷണത്തിന് ഇരയാകുന്നത്. മിക്ക ട്രാവൽ ഏജൻസികൾക്കും തോന്നും പടിയാണ് ടിക്കറ്റിന് നിരക്ക്. കഴിഞ്ഞ ദിവസം ഒരു പ്രവാസി സംഘടന ദുബായിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിന് വാങ്ങിയ ടിക്കറ്റ് ചാർജ്ജ് 19000 രൂപയാണ് എന്നറിയുമ്പോഴാണ് ട്രാവൽ ഏജൻസികളുടെ ക്രൂരത വ്യക്തമാകുന്നത്. 38000 രൂപ പോലെ വൻതുക ഒരു ഗതിയുമില്ലാതെ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളിൽ നിന്നും വാങ്ങിച്ചെടുക്കുന്ന നിരവധി ട്രാവൽസുകളാണ് ഉള്ളതെന്നാണ് ഉയരുന്ന പരാതി.

അതേസമയം, കൊവിഡ് വ്യാപിക്കുന്നതും ജോലി നഷ്ടപ്പെടുന്നതും കാരണം പ്രവാസികളിൽ മിക്കവരും എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന തീരുമാനമെടുക്കുകയാണ്. ഇതിനിടെയാണ് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ വലഞ്ഞ് ഒടുവിൽ കടംവാങ്ങിയും മറ്റും ടിക്കറ്റ് സംഘടിപ്പിക്കുന്ന പ്രവാസികളോടാണ് ട്രാവൽ ഏജൻസികളുടെ ഈ ക്രൂരത.

Exit mobile version