വന്ദേഭാരത് മിഷനിടെ ആരേയും കൊണ്ടുവരരുത്: യുഎഇ

ദുബായ്: രാജ്യത്തേക്ക് വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്ന വിമാനങ്ങളിൽ ആരേയും കൊണ്ടുവരരുതെന്ന് യുഎഇ സർക്കാർ ഇന്ത്യയോട്. യുഎഇ പൗരൻമാർക്കും മറ്റുള്ളവർക്കും പ്രവേശനമില്ലെന്നും യുഎഇ വ്യക്തമാക്കി. നേരത്തെ, ജൂലായ് 22 മുതൽ താമസവിസയുള്ളവർക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യുഎഇ അനുമതി നൽകിയിരുന്നു. ഇതോടെ വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ആളെ കൊണ്ടുവരുന്നതിന് എയർ ഇന്ത്യ അനുമതി തേടുകയായിരുന്നു. നിലവിൽ യുഎഇയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതിന് വേണ്ടി കാലിയായ വിമാനങ്ങളാണ് എയർഇന്ത്യ യുഎഇയിലേക്ക് അയയ്ക്കുന്നത്.

എയർ ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച യുഎഇ വന്ദേഭാരത് മിഷന്റെ ഭാഗമായി ആളെ കൊണ്ടുവരരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, ഡൽഹിയിലെ യുഎഇ എംബസിയുടെയോ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കിൽ ആളുകളെ കൊണ്ടുവരാമെന്നും യുഎഇ വ്യക്തമാക്കി. അല്ലാത്ത സാഹച്യത്തിൽ ആരേയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും യുഎഇ സർക്കാർ എയർ ഇന്ത്യയെ അറിയിച്ചു.

അതേസമയം, ഇന്ത്യയിൽ നിന്ന് ആളെ കൊണ്ടുപോകുന്നതിന് എമിറേറ്റ്‌സ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. എയർ ഇന്ത്യ നടത്തുന്ന വന്ദേഭാരത് മിഷന് സമാനമായിട്ടാണ് എമിറേറ്റ്‌സിന്റെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.

Exit mobile version