കാലിലെ അണുബാധയേറ്റ് ഒമാനില്‍ മരണപ്പെട്ട കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും; സഹായഹസ്തവുമായി ഇബ്രി കൈരളി

ഒമാന്‍:ഇബ്രിയില്‍ വെച്ച് (മുക്കനിയാത്ത്) ഞായറാഴ്ച മരണപ്പെട്ട കൊല്ലം സ്വദേശി സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചത് ഇബ്രി കൈരളി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്.

കാലില്‍ ആണി കയറി രോഗാണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ദ്വീര്‍ഘനാളായി ദുരിത ജീവിതം നയിക്കുകയായിരുന്നു സന്തോഷ്. കഴിഞ്ഞമാസമാണ് കൈരളി ഇബ്രി പ്രവര്‍ത്തകര്‍ സന്തോഷിന്റെ രോഗവിവരം അറിയുന്നത്. തുടര്‍ന്ന് സന്തോഷിനെ ഇബ്രിയിലെ സ്വകാര്യ ആശുപത്രിയില്‍ (ആസ്റ്റര്‍) എത്തിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു.

കാലില്‍ ആണി കയറിയതിനെ തുടര്‍ന്നുണ്ടായ ഇന്‍ഫക്ഷനും അമിതമായ ബ്ലഡ് ഷുഗറും അദ്ദേഹത്തിനുണ്ടായിരുന്നു. വളരെ കാലമായി ജോലി നഷ്ടപ്പെട്ട സന്തോഷിന്റെ മോശം സാമ്പത്തിക സ്ഥിതി മനസിലാക്കിയതിനെ തുടര്‍ന്ന് സന്തോഷിന്റെ ചികിത്സാചിലവുകള്‍ (RO.150) ഇബ്രി കൈരളി പ്രവര്‍ത്തകരാണ് വഹിച്ചത.

മൂന്ന് ദിവസത്തെ ചികിത്സക്ക് ശേഷം അത്യാവശ്യം ഭക്ഷണ സാധനങ്ങള്‍ കൊടുത്തതിനു ശേഷമാണ് സന്തോഷിനെ സ്‌പോണ്‍സറുടെ കൂടെ അയച്ചത്. വിസ, ലേബര്‍ കാര്‍ഡ്, പാസ്‌പോട്ട് ഉള്‍പ്പടെ 2 വര്‍ഷം ആയി കാലാവധി കഴിഞ്ഞതിനാല്‍
അദ്ദേഹത്തെ നാട്ടില്‍ കയറ്റി വിടുന്ന കാര്യം സ്‌പോണ്‍സുമായി ആലോചിച്ച് നടത്തി വരുന്ന സമയത്താണ് വീണ്ടും രോഗം മൂര്‍ഛിച്ചത്. വീണ്ടും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണപ്പെടുകയായിരുന്നു.

പിന്നീട് കൈരളി ഇബ്രി പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ കൊണ്ട് മൃതദേഹം കോവിഡ് ടെസ്റ്റ് നടത്തി എത്രയും പെട്ടെന്ന് മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ മൃതദേഹം നാട്ടില്‍ എത്തിക്കും.

Exit mobile version