ആദ്യം തമാശയെന്ന് കരുതി; സത്യമെന്ന് അറിഞ്ഞപ്പോൾ ദൈവത്തിന് സ്തുതിയും; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 24 കോടി രൂപ സ്വന്തമാക്കി മലയാളി സെയിൽസ്മാൻ

അബുദാബി: ആരേയും അമ്പരപ്പിക്കുന്ന സമ്മാനത്തുകയുള്ള അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെത്തേടിയെത്തി ഒന്നാം സമ്മാനം. ബുധനാഴ്ച നടന്ന ബിഗ് ടിക്കറ്റ് അബുദാബി റാഫിൾ നറുക്കെടുപ്പിൽ അജ്മാനിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന അസൈൻ മുഴിപ്പുറത്ത് 12 മില്യൺ ദിർഹം നേടി.

വിർച്വൽ ആയി നടത്തിയ നറുക്കെടുപ്പിന്റെ തത്സമയ സ്ട്രീമിംഗ് 47കാരനായ അസൈന് കാണാൻ കഴിഞ്ഞിരുന്നില്ല. ജോലിയിലായിരുന്ന അസൈൻ പിന്നീട് ജാക്ക്‌പോട്ടിന്റെ അവതാരകനായ റിച്ചാർഡിന് നന്ദിയും അറിയിച്ചു.

‘മാഷ അള്ള, നന്ദി. ഞാൻ ഡ്യൂട്ടിയിലാണ്,’ സമ്മാന വിവരം അറിയിക്കാൻ വിളിച്ച റിച്ചാർഡിനോട് അസൈൻ പറഞ്ഞതിങ്ങനെ. ആദ്യം പ്രാങ്ക് കോൾ ആണെന്നാണ് അസൈൻ കരുതിയിരുന്നതും. പിന്നീടാണ് സംഭവം സത്യമാണെന്ന് മനസിലായത്. സമ്മാനത്തുക കൊണ്ട് അജ്മാനിൽ തന്നെ ബിസിനസ് ചെയ്യാനാണ് അസൈന് താൽപര്യം. മേയ് 14 ന് വാങ്ങിയ 139411 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

അബുദാബി ബിഗ് ടിക്കറ്റിലെ ഏഴ് സമ്മാനങ്ങളിൽ നാലും ഇന്ത്യക്കാരാണ് നേടിയത്. പാകിസ്താൻകാരായ രണ്ടു പേരും ഒരു ഈജിപ്ഷ്യൻ പൗരനും സമ്മാനർഹരായി.

Exit mobile version