കൊവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു; പ്രവാസ ലോകത്ത് പൊലിഞ്ഞത് നിരവധി മലയാളി ജീവനുകള്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ് എന്ന കുഞ്ഞു (52) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ജിദ്ദയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തെ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയവെ മരണം സംഭവിക്കുകയായിരുന്നു. ജിദ്ദ സനാഇയ്യയില്‍ ടിഷ്യൂ പേപ്പര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

മാതാവ്: ആയിശുമ. ഭാര്യ: നഫീസ. മക്കള്‍: സക്കീര്‍ ഹുസൈന്‍ (കുവൈത്ത്), മുഹമ്മദ് ഷമീല്‍, സഹീന. കൊവിഡ് ബാധിച്ച് ജിദ്ദയില്‍ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്.

നിരവധി പ്രവാസി മലയാളികളാണ് ഇതിനോടകം കൊവിഡ് ബാധിച്ച് ഗള്‍ഫ് നാടുകളില്‍ മരിച്ചത്. കഴിഞ്ഞദിവസം മൂന്ന് മലയാളികളാണ് മരിച്ചത്. യുഎഇയില്‍ രണ്ടു പേരും സൗദി അറേബ്യയില്‍ ഒരാളുമാണ് മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശി മൊയ്തൂട്ടി (50) അബുദാബിയിലും, മലപ്പുറം കടുങ്ങാപുരം കട്ട്‌ലശ്ശേരി സ്വദേശി ഷാഹുല്‍ ഹമീദ് (37)അജ്മാനിലും കോഴിക്കോട് പെരുമണ്ണ സ്വദേശി വിപി അബ്ദുള്‍ ഖാദര്‍ (55) സൗദി അറേബ്യയിലുമാണ് മരിച്ചത്

Exit mobile version