കൊറോണ ലക്ഷണങ്ങളോടെ ദുബായിയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് വൈറസ് ബാധയില്ല, മൃതദേഹം സാധാരണ നിലയില്‍ ഖബറടക്കി

ദുബായി: കഴിഞ്ഞ ദിവസം കൊറോണ ലക്ഷണങ്ങളോടെ ദുബായിയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് വൈറസ് ബാധയില്ലെന്ന് വ്യക്തമായി. പരിശോധനകളിലൊന്നും ഇദ്ദേഹത്തിന് കൊറോണ പോസിറ്റീവ് ആയിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

കണ്ണൂര്‍ തലശ്ശേരി സ്വദേശി ഷാനിദാണ് കഴിഞ്ഞദിവസം കൊറോണ ലക്ഷണങ്ങളോടം ദുബായിയില്‍ മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹം ബര്‍ദുബൈയിലെ ഒരു ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

അതിനിടെ രോഗലക്ഷണങ്ങള്‍ ശക്തമായി. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ഷാനിദ് കൊറോണ വൈറസ് ബാധിച്ച് മരിച്ചു എന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

എന്നാല്‍ പരിശോധനകളിലൊന്നും ഇദ്ദേഹത്തിന് കൊറോണ പോസിറ്റീവ് ആയിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ന്യൂമോണിയയാണ് മരണകാരണമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പ്രമേഹമുണ്ടായിരുന്നതിനാല്‍ വൃക്കകളും തകരാറിലായിരുന്നുവെന്നും മരണറിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം സാധാരണ നിലയില്‍ ദുബായിയില്‍ ഖബറടക്കി.

Exit mobile version