കൊറോണ ബാധിച്ച് മലയാളി യുവാവ് അജ്മാനില്‍ മരിച്ചു

അബൂദാബി: കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി യുവാവ് കൂടി പ്രവാസ ലോകത്ത് മരിച്ചു. മലപ്പുറം കടുങ്ങപുരം കട്ട്‌ലശ്ശേരി സ്വദേശി ശാഹുല്‍ ഹമീദാണ് അജ്മാനില്‍ മരിച്ചത്. കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞദിവസമാണ് മരിച്ചത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊറോണ പ്രോട്ടോകോള്‍ പ്രകാരമായിരിക്കും ഖബറടക്കം.

അജ്മാനിലെ ഒരു കഫ്തീരിയ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ശാഹുല്‍ ഹമീദ്. ഭാര്യ: റഹീന. മക്കള്‍: ഷഹാന നസ്രിന്‍ (6), മുഹമ്മദ് ഷാദില്‍ (1). ഇതോടെ ഇന്നലെ യുഎഇയില്‍ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണവും മരണ നിരക്കും കുതിച്ചുയരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാത്ത കാഴ്ചയാണ്. നിരവധി മലയാളികളാണ് ഇതിനോടകം വൈറസ് ബാധിച്ച് പ്രവാസലോകത്ത് മരിച്ചത്.

Exit mobile version