റിയാദില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു; സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 25 ആയി

റിയാദ്: സൗദിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആലപ്പുഴ പ്രയാര്‍ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തില്‍ അബ്ദുസ്സലാം ആണ് മരിച്ചത്. 44 വയസായിരുന്നു. ഇന്ന് രാവിലെ റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

ദിവസങ്ങള്‍ക്ക് മുമ്പാണ് അബ്ദുസ്സലാമിനെ കൊവിഡ് ലക്ഷണങ്ങളോടെ റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇരു വൃക്കകളുടെയും പ്രവര്‍ത്തനവും തകരാറിലായിരുന്നു. വെന്റിലേറ്ററില്‍ കഴിയവേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

സൗദിയില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കി വരികയായിരുന്നു അബ്ദുസ്സലാം. അബ്ദുസ്സലാം അഞ്ച് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. ഭാര്യയും രണ്ടു മക്കളുമുണ്ട് നാട്ടില്‍. സൗദിയില്‍ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 25 ആയി ഉയര്‍ന്നു. ഇന്നലെ ജിദ്ദയില്‍ നാല് മലയാളികളാണ് മരിച്ചത്.

Exit mobile version