കൊറോണ ബാധിച്ച് ഖത്തറില്‍ തിരൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

ദോഹ: കൊറോണ വൈറസ് ബാധിച്ച് ഖത്തറില്‍ ഒരു മലയാളി മരിച്ചു. തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടിയാണ് മരിച്ചത്. 69 വയസ്സായിരുന്നു. കൊറോണ പോസിറ്റിവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കൊറോണ പോസിറ്റീവായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിരീക്ഷണത്തില്‍ തുടരവെ ഇദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2.30 ഓടെ മരണം സംഭവിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കൊറോണ പ്രോട്ടോകോള്‍ അനുസരിച്ച് ദോഹയില്‍ തന്നെ ഖബറടക്കും. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി ദോഹയിലെ ക്യൂസിസി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു സെയ്താലിക്കുട്ടി.

ദോഹയില്‍ തന്നെ ജോലി ചെയ്യുന്ന മകനും കുടുംബവും ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ : സാറ ഉമ്മ, മക്കള്‍ : ശിഹാബുദ്ദീന്‍ (ദോഹ), സക്കീന, ഫൌസിയ, നുഷീദ, സഫിയ. സഹോദരന്‍ കുഞ്ഞിബാവ ഖത്തറിലുണ്ട്. നിരവധി മലയാളികളാണ് കൊറോണ ബാധിച്ച് ഇതിനോടകം ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചുവീണത്.

Exit mobile version