ഗള്‍ഫില്‍ നാല് മലയാളികള്‍ കൊവിഡ് ബാധിച്ചു മരിച്ചു; മരിച്ചവരില്‍ മലയാളി നഴ്‌സും

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് ഉള്‍പ്പെടെ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. അബുദാബിയില്‍ രണ്ട് പേരും മരിച്ചു.കുവൈത്തില്‍ നഴ്‌സായ ആലപ്പുഴ സ്വദേശി അന്നമ്മ ചാക്കോ(59), മലപ്പുറം സ്വദേശി ബദറൂല്‍ മുനീര്‍ എന്നിവരാണ് കുവൈത്തില്‍ മരിച്ചത്. തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഫിറോസ് ഖാന്‍, കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍കുമാര്‍ എന്നിവരാണ് അബുദാബിയിലാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് മുബാറക് അല്‍ കബീര്‍ ആശുപത്രിയിലായിരുന്നു അന്നമ്മയുടെ മരണം. രണ്ട് ദിവസം മുമ്പാണ് കൊവിഡ് ചികിത്സയ്ക്കായി ആസുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍ ഷാബ് മെഡിക്കല്‍ സെന്ററിലെ ഹെഡ് നഴ്‌സ് ആയിരുന്നു. കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളി ആരോഗ്യപ്രവര്‍ത്തകയാണ് അന്നമ്മ ചാക്കോ.

കുവൈത്തില്‍ മരിച്ച 39കാരനായ മുനീര്‍, മിഷ്‌റഫ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 20ആയി. അബുദാബിയില്‍ മരിച്ച നാല്‍പത്തഞ്ചുകാരനായ ഫിറോസ് ഖാന്‍, കൊവിഡ് സ്ഥിരീകരിച്ച് മഫ്‌റഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

അബുദാബിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനായിരുന്നു മരിച്ച അനില്‍ കുമാര്‍. ഇതോടെ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 66ആയി. 108 മലയാളികളാണ് ഗള്‍ഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version