കൊറോണ ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു, മരിച്ചത് മലപ്പുറം സ്വദേശി

റിയാദ്: കൊറോണ വൈറസ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് സുവദേവന്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശേഷം പിന്നീട് അസുഖം മാറാതായതോടെ അല്‍മനാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊറോണയെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് ദമ്മാം അല്‍മനാ ജനറല്‍ ആശുപത്രിയില്‍ ചികില്‍ത്സയിലായിരുന്നു.

ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. അന്തിമ ഫലം ഉടന്‍ വരുമെന്നാണ് സൂചന. മൃതദേഹം നടപടികള്‍ക്കായി ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. പ്രതിരോധ നടപടികളെല്ലാം ഊര്‍ജിതമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.

സൗദിയില്‍ മാത്രം മരിച്ച മലയാളികളുടെ എണ്ണം പത്തായി. ഇതുവരെ മരിച്ച മലയാളികള്‍ ഇവരാണ്.

1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്‌നാസ് (29 വയസ്സ്), 2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ (41), 3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്), 4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57 വയസ്സ്) 5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്), 6.മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56) 7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59), 8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46), 9.റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version