നോർക്ക രജിസ്‌ട്രേഷൻ ചെയ്ത എല്ലാ പ്രവാസികളേയും തിരിച്ചെത്തിക്കില്ല; കേരളത്തെ നിരാശപ്പെടുത്തി കേന്ദ്രം; കർശ്ശന ഉപാധികളോടെ തയ്യാറാക്കിയ പട്ടികയിൽ 2 ലക്ഷം പേർ മാത്രം

ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിയ എല്ലാ പ്രവാസി ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. പ്രവാസികളുടെ മടക്കത്തിന് കേരളം മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കില്ല. അടിയന്തിര സ്വഭാവമുള്ളവർക്കും വിസ കാലവധി തീർന്നവർക്കും മാത്രമേ തിരികെ മടങ്ങാൻ കഴിയൂവെന്നും കേന്ദ്രം വ്യക്തമാക്കി. നോർക്ക രജിസ്‌ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നും ഇതോടെ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. ഇത് കേരളത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്.

തിരികെ എത്തിക്കേണ്ട പ്രവാസികളെ സംബന്ധിച്ച് കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ കേവലം 2 ലക്ഷം പേർ മാത്രമാണ് ഉളളത്. അതേസമയം കേരളത്തിലേക്കു മടങ്ങാൻ മാത്രം 4.14 ലക്ഷം പ്രവാസി മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം കർശന ഉപാധികൾ വച്ചതോടെ ഇവരുടെ കേരളത്തിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലാകും.

സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ജോലി നഷ്ടമായവരും വിസ കാലാവധി കഴിഞ്ഞ് അവിടെ കുടുങ്ങിപ്പോയവരും മാത്രമാണ് മടങ്ങുന്നത്. എംബസികൾ തയ്യാറാക്കുന്ന മുൻഗണനാക്രമം അനുസരിച്ചുള്ള പട്ടിക വഴിയാണ് പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടക്കം തീരുമാനിക്കപ്പെടുക.

Exit mobile version