പ്രവാസികൾ നാട്ടിലേക്ക് എത്തുന്നത് ഈയാഴ്ച മുതൽ; ആദ്യം രാജ്യത്ത് തിരിച്ച് എത്തുക മാലിയിൽ നിന്നുള്ള സംഘം

ന്യൂഡൽഹി: ഇന്ത്യയിലേക്ക് പ്രവാസികളെ തിരികെ എത്തിക്കാൻ കേന്ദ്രം അനുമതി നൽകിയതോടെ ഒഴിപ്പിക്കൽ ദൗത്യം ആദ്യം തുടങ്ങുന്നത് മാലിയിൽ നിന്നും. ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളിൽ 200 പേരുടെ ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ മാലിയിൽ നിന്ന് കൊച്ചിയിലെത്തിക്കും. കപ്പൽ മാർഗമാണ് ഇവരെ കൊച്ചിയിൽ എത്തിക്കുക. ഇവരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജിയർ തയ്യാറാക്കി കഴിഞ്ഞു.

കൊച്ചിയിൽ എത്തുന്നവർ 14 ദിവസം കൊറന്റൈനിൽ കഴിയണം. കപ്പൽ യാത്രയുടെ പണം ഈടാക്കാൻ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാൽ കൊറന്റൈനിൽ കഴിയുന്നതിനുള്ള ചെലവ് പ്രവാസികൾ വഹിക്കണം. പതിനാല് ദിവസത്തിന് ശേഷം ഇവർ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സർക്കാരും കേന്ദ്ര സർക്കാരും തീരുമാനം എടുക്കും എന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കൊച്ചിയിൽ നിന്നുള്ള മടക്ക യാത്രയ്ക്ക് ഉള്ള ചെലവും പ്രവാസി വഹിക്കണം. മാലിയിൽ നിന്ന് പ്രവാസികളെ മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള ചീഫ് സെക്രട്ടറി ടോം ജോസും ആയി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചർച്ച നടത്തിയിരുന്നു. ആരോഗ്യ പ്രശനങ്ങൾ ഉള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിൽ എത്തി കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവർക്ക് ആണ് മടങ്ങാൻ ഉള്ള പട്ടികയിൽ മുൻഗണന ലഭിക്കുക. വീടുകളിൽ അടുത്ത ബന്ധുക്കളുടെ മരണം നടന്നവർക്കും പട്ടികയിൽ മുൻതൂക്കം ലഭിക്കും. മാലി ദ്വീപിലെ ഇന്ത്യൻ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് ആണ് പട്ടിക തയ്യാർ ആക്കുക. നാൽപത്തിയെട്ട് മണിക്കൂർ ആണ് മാലി ദ്വീപിൽ നിന്ന് കപ്പൽ മാർഗ്ഗം കൊച്ചിയിൽ എത്താൻ ഉള്ള സമയം. കാലവർഷത്തിന് മുമ്പ് ഉള്ള സമയം ആയതിനാൽ കടൽ ക്ഷോഭ സാധ്യതയുള്ളതിനാൽ ഇക്കാര്യം പ്രവാസികളെ മുൻകൂട്ടി ഇ മെയിൽ മുഖേനെ അറിയിക്കുകയും സമ്മതപത്രം നൽകുന്നവരെ മാത്രം ആണ് ഇന്ത്യയിലേക്ക് കൊണ്ട് വരിക.

Exit mobile version