കൊവിഡ് മരണം വിതച്ച ഫ്രാൻസിൽ മലയാളി പ്രവാസികൾക്ക് സാന്ത്വനവുമായി സെലിബ്രിറ്റികളെത്തുന്നു; കരുതലൊരുക്കി വേൾഡ് മലയാളി ഫെഡറേഷൻ ഫ്രാൻസ്

പാരിസ്: കൊവിഡിനെ കാര്യമായി പ്രതിരോധിക്കാനാകാതെ ഇരുപതിനായിരത്തിലേറെ ജീവനുകൾ നഷ്ടപ്പെടുത്തേണ്ടി വന്ന ഫ്രാൻസ് ഇപ്പോഴും ദുരിതത്തിൽ നിന്നും മുക്തമായിട്ടില്ല. കൊവിഡ് സംഹാരതാണ്ഡവമാടാൻ തുടങ്ങിയതോടെയാണ് ഏറെ വൈകി ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് ഫ്രാൻസ് കടന്നതും. ഇതിന്റെ ഫലമായി സാമൂഹിക വ്യാപനവും അവിടെ ശക്തമായി. ഇതിനിടെയിൽ ഏറെ ദുരിതത്തിലായ രാജ്യത്തെ ഒരു വിഭാഗമാണ് പ്രവാസികൾ. വിദേശ രാജ്യങ്ങളിൽ നിന്നും പഠനത്തിനും ജോലിക്കുമായി എത്തിയ പലരും മഹാമാരി അതിന്റെ തീവ്രത മുഴുവൻ പുറത്തെടുത്തതോടെ എന്തുചെയ്യണമെന്നറിയാതെ ഇപ്പോഴും പകച്ചു നിൽക്കുകയാണ്.

കൊവിഡിന്റെ തുടക്കത്തിൽ നാട്ടിലേക്ക് മടങ്ങിയ കുറച്ചുപേർ ഒഴിച്ചാൽ ഫ്രാൻസിലുള്ള മലയാളി സമൂഹവും കടുത്ത ആശങ്കയാണ് അനുഭവിക്കുന്നത്. ജോലിയും പഠനവും മുടങ്ങുകയും താമസ സ്ഥലത്ത് തന്നെ തുടരേണ്ട അവസ്ഥയും വന്നതോടെ മാനസിക സമ്മർദ്ദവും വർധിച്ചു. ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങാൻ പോലുമാകാതെ സമ്മർദ്ദത്തിലായ മലയാളി സമൂഹത്തിന് ആശ്വാസം പകരാനായി വേൾഡ് മലയാളി ഫെഡറേഷൻ ഫ്രാൻസ് എന്ന മലയാളികളുടെ സംഘടന നൂതന ആശയങ്ങളുമായി മലയാളികൾക്ക് തണലൊരുക്കുകയാണ്. മാനസികമായ സമ്മർദ്ദം കുറയ്ക്കനായുള്ള പരിപാടികൾ സംഘടിപ്പിച്ചും അവശ്യ സേവനങ്ങളായ ഭക്ഷണം, ആശുപത്രി സേവനങ്ങൾ തുടങ്ങിയ എത്തിച്ചും ഒത്തൊരുമയുടെ പുതിയൊരു സന്ദേശം പകരുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ ഫ്രാൻസ് (ഡബ്യുഎംഎഫ് ഫ്രാൻസ്).

നാട്ടിൽ നിന്നും പുതിയതായി എത്തിയ മലയാളികൾക്ക് ഭാഷയുടെ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ സഹായത്തിന് ഹെൽപ്പ്‌ലൈൻ നമ്പർ ഒരുക്കിയാണ് ഡബ്ല്യുഎംഎഫ് ഫ്രാൻസ് കൊവിഡ് കാലത്ത് സഹായമെത്തിച്ച് തുടങ്ങിയത്. അവശ്യ സേവനങ്ങൾക്കായി ഡോക്ടറെയോ ആശുപത്രിയിലേക്കോ വിളിക്കാനും വിവരങ്ങൾ അന്വേഷിക്കാനും ഇവർ തുടക്കം മുതൽ സഹായം നൽകി വരുന്നുണ്ട്. പിന്നീട് വീടിനകത്ത് തന്നെ ഇരിക്കേണ്ടി വന്നതിലൂടെ വരുമാനം മുടങ്ങിയവർക്ക് മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള വഴികൾ പകർന്നു നൽകിയും ഭക്ഷണം എത്തിച്ചും തീർത്തും മാതൃകാപരമായ പ്രവർത്തികളും ഡബ്ല്യുഎംഎഫ് ഫ്രാൻസ് തുടരുകയാണ്. ഏതുസമയത്തും സഹായത്തിനായി വിളിക്കാൻ മലയാളികളുടെ തന്നെ ഹെൽപ്പ് ലൈൻ നമ്പറും ഡബ്ല്യുഎംഎഫ് ഫ്രാൻസ് ലഭ്യമാക്കിയിട്ടുണ്ട്. ഫ്രാൻസിലെ മലയാളി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിനായി സ്റ്റുഡന്റ് കൗൺസിലും രൂപീകരണ ഘട്ടത്തിലാണ്.

അതേസമയം, ഇനിയും രാജ്യത്തെ ലോക്ക്ഡൗൺ അവസാനിക്കുന്നതിനെ കുറിച്ചുള്ള അന്തിമ സൂചനകളൊന്നും വരാത്തതുകൊണ്ടു തന്നെ വീട്ടിൽ അടച്ചുപൂട്ടിയിരിക്കൽ നീളുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ മനസ് മടുത്തുപോയവർക്കായി മലയാളികളായ സെലിബ്രിറ്റികളോട് നേരിട്ട് സംവദിക്കാനുള്ള അവസരം ഒരുക്കിയാണ് ഡബ്ല്യുഎംഎഫ് ഫ്രാൻസ് പുതിയൊരു വിനോദത്തിനുള്ള വഴി തുറന്നിട്ടിരിക്കുന്നത്.

പാട്ടുകാരും അഭിനേതാക്കളും മ്യൂസിഷ്യൻസും ഉൾപ്പെടുന്ന പ്രിയപ്പെട്ട താരങ്ങളെ ഫേസ്ബുക്ക് ലൈവിലൂടെ മുന്നിലെത്തിച്ചാണ് ഡബ്ല്യുഎംഎഫ് ഫ്രാൻസ് വ്യത്യസ്തമായ വിനോദോപാധി പ്രവാസി മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. വീക്കെൻഡുകളിൽ ഡബ്ല്യുഎംഎഫ് ഫ്രാൻസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സെലിബ്രിറ്റികൾ സംവദിക്കാനെത്തും. മലയാളികൾക്കിടയിൽ വലിയ തരത്തിൽ തരംഗമുണ്ടാക്കാൻ ഈ പരിപാടിക്ക് സാധിച്ചിട്ടുണ്ട്. ഏപ്രിൽ ആദ്യവാരം മുതലാണ് ഈ പരിപാടി ഡബ്ല്യുഎംഎഫ് ഫ്രാൻസ് ആരംഭിച്ചത്. നാട്ടിൽ നിന്നും താരങ്ങൾ തങ്ങളെ കാണാനായി നേരിട്ടു സോഷ്യൽമീഡിയയിലൂടെ എത്തുന്നതിലൂടെ നാട്ടിൽ നിന്നും ഏറെ ദൂരെ കഴിയുന്ന ഇവർക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.

പാട്ടുകാരായ നേഹാ നായർ, മലയാളി പിന്നണി ഗായകൻ സംഗീത് ഉൾപ്പടെയുള്ളവർ ഇതിനകം ഡബ്ല്യുഎംഎഫ് ഫ്രാൻസിന്റെ ഭാഗമായി രംഗത്തെത്തിയിട്ടുണ്ട്. വിഷുദിനത്തിൽ റോയ് ആന്റണി ലൈവ് പാട്ടും പറച്ചിലുമൊക്കെയായി എത്തിയതും മലയാളി സമൂഹം ഏറ്റെടുത്തു. മലയാളി കുടുംബങ്ങൾക്ക് ഏറെ പ്രിയങ്കരനും പ്രശസ്തനുമായ നടൻ കൃഷ്ണകുമാർ ശനിയാഴ്ച ഫ്രാൻസ് മലയാളി കുടുംബങ്ങളുമായി സംവദിക്കാനായി ഡബ്ല്യുഎംഎഫ് ഫ്രാൻസിന്റെ പേജിൽ ലൈവിൽ എത്തുന്നുണ്ട്. ശനിയാഴ്ച തന്നെ ഗായികയും സംഗീതജ്ഞയുമായ നേഹാ നായർ പാട്ടുകൾ പാടി സാന്ത്വനിപ്പിക്കാനും സംവദിക്കാനും എത്തും. ഞായറാഴ്ച പ്രവാസി തന്നെയായ ആരിഫ് അബൂബക്കർ റോക്ക് മ്യൂസിക് നൈറ്റുമായാണ് എത്തുന്നത്. ഇത്തരത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി ഹിറ്റ് ഫേസ്ബുക്ക് ലൈവ് പരിപാടി സംഘടിപ്പിച്ച് മലയാളികൾക്ക് ആശ്വാസമാവുകയാണ് ഡബ്ല്യുഎംഎഫ് ഫ്രാൻസ്.

വീട്ടിലിരുന്ന് മടുക്കുന്നവർക്ക് പഴയ ഉത്സാഹം തിരിച്ചുപിടിക്കാൻ സഹായകരമാവുന്ന മത്സരങ്ങളും ഡബ്ല്യുഎംഎഫ് ഫ്രാൻസ് സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ ഏറ്റവും ജനപ്രിയം ടിക്‌ടോക്ക് വീഡിയോ കോണ്ടസ്റ്റാണ്. മലയാളത്തിലുള്ള വീഡിയോ ഇതിനായി ഫ്രാൻസ് മലയാളി കുടുംബങ്ങൾക്ക് അപ്‌ലോഡ് ചെയ്യാം. 2020ലെ ഓണാഘോഷത്തിന് കുടുംബസമേതം എൻട്രിയും ഇതുവഴി സ്വന്തമാക്കാം. സ്‌റ്റേ ഹോം സ്‌റ്റേ സേഫ് സന്ദേശം പകരുന്ന വീട്ടിൽ നിന്നു തന്നെ പകർത്താവുന്ന ഫോട്ടോഗ്രാഫുകൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചാണ് മറ്റൊരു വിനോദമാർഗ്ഗം ഡബ്ല്യുഎംഎഫ് ഫ്രാൻസ് തുറന്നിട്ടിരിക്കുന്നത്.

Exit mobile version