ജീവനറ്റ പൊന്നോമന ഒരനാഥദേഹം പോലെ ചരക്ക് വിമാനത്തില്‍ നാട്ടിലേക്ക്, അച്ഛനും അമ്മയും ഒപ്പമില്ലാതെ പതിനാറുകാരന് നാട്ടില്‍ അന്ത്യനിദ്ര, പ്രവാസലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി ജുവല്‍

ദുബായ്: ഒരു നേരം പോലും അച്ഛന്റെ അരികില്‍ നിന്നും മാറില്ല, എപ്പോഴും ചുറ്റിപ്പറ്റി അവനുണ്ടാവും ജുവല്‍.. അച്ഛന്‍ ജോമെയ് ജോര്‍ജിന്റെയും ജന്‍സിന്‍ ജോര്‍ജിന്റെയും ലോകം തന്നെ ജുവല്‍ ആയിരുന്നു. അവന്റെ കുസൃതികളും കുറുമ്പുകളുമൊക്കെയായിരുന്നു അവരുടെ സന്തോഷം. എന്നാല്‍ അര്‍ബുദത്തിന്റെ രൂപത്തിലെത്തിയ മരണം ജുവലിനെ അവരില്‍ നിന്നും പിടിച്ചുപറിച്ചെടുത്തു.

എന്നാല്‍ ജുവലിന്റെ മരണത്തേക്കാള്‍ ആ രണ്ട് മനുഷ്യരെയും ഒരുപോലെ തളര്‍ത്തിയത് തങ്ങളുടെ പൊന്നോമനെയെ ഒരനാഥദേഹം പോലെ ചരക്ക് വിമാനത്തില്‍ നാട്ടിലേക്കയക്കുന്നതാണ്. പത്തനംതിട്ട മല്ലശ്ശേരി സ്വദേശി ചാമക്കാല വിളയില്‍ ജോമെയ് ജോര്‍ജിന്റെയും ജന്‍സിന്‍ ജോര്‍ജിന്റെയും മകന്‍ ജുവല്‍ അര്‍ബുദത്തെത്തുടര്‍ന്നാണ് മരിച്ചത്.

കൊറോണയെ തുടര്‍ന്ന് വിമാന സര്‍വ്വീസുകളെല്ലാം നിര്‍ത്തിയതോടെ മൃതദേഹം ചരക്കുവിമാനത്തില്‍ നാട്ടിലെത്തിക്കേണ്ടി വന്നു. എന്നാല്‍ പുതിയലോകത്തേക്ക് പോയ പൊന്നുമോനെ അവസാനമായൊന്നു കാണാനും അന്ത്യചുംബനം നല്‍കാനും അച്ഛനും അമ്മയ്ക്കും നാട്ടിലെത്താന്‍ പറ്റില്ല. പ്രിയപ്പെട്ടവരില്ലാതെയാണ് നാട്ടില്‍ ജുവലിന് അന്ത്യനിദ്ര.

ഷാര്‍ജ ജെംസ് മില്ലേനിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ പതിനാറുകാരന്‍ ജുവല്‍ ജോര്‍ജിന്റെ മരണം പ്രവാസലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തുന്നു. ജുവലിന്റെ മരണത്തോട് ഇനിയും അച്ഛനും അമ്മയ്ക്കും പൊരുത്തപ്പെടാനായിട്ടില്ല. എന്നാല്‍ അതിലേറെ വേദനയായിരുന്നു ജീവനറ്റ അവനെ ഒരനാഥദേഹം പോലെ ചരക്ക് വിമാനത്തില്‍ നാട്ടിലേക്കയയ്ക്കുക എന്നതും.

”എന്റെ മകനെങ്ങനെ ഒറ്റയ്ക്ക് പോകും” എന്ന് അച്ഛന്‍ ജോമെയ് ജോര്‍ജ് ചോദിക്കുന്നു. ഒരിക്കല്‍പോലും ഒറ്റയ്ക്ക് പുറത്തേക്ക് വിടാതിരുന്ന പൊന്നോമന മകനെയാണ് ഇപ്പോള്‍ മരണത്തിനൊപ്പം തനിയെ നാട്ടിലേക്കയക്കുന്നത്. യാഥാര്‍ഥ്യം ചുറ്റും കൂടിനിന്നവര്‍ എത്ര തവണ വിവരിച്ചു കൊടുത്തിട്ടും ആ അച്ഛനും അമ്മയ്ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.

Exit mobile version