കൊവിഡ്: ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 135 ആയി ഉയര്‍ന്നു: ഇന്ന് മുതല്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി

മനാമ: ബഹ്‌റൈനില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 135 ആയി ഉയര്‍ന്നു. ഇതില്‍ ആറ് പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 341 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 3 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനില്‍ 477 പേര്‍ ഇതിനകം രോഗവിമുക്തി നേടി. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബെഹ്‌റൈന്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി മുതല്‍ എല്ലാവരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി. രോഗമുള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ പോരാം, എല്ലാവരും ധരിക്കണമെന്ന് വ്യവസായ-വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫാര്‍മസികളില്‍ മാസ്‌ക് ലഭ്യമാക്കും. ഇതിന് പുറമെ വീടുകളിലുണ്ടാക്കുന്ന മാസ്‌കും ഉപയോഗിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ ഒമ്പത് വരെ അടച്ചിടണമെന്ന് ഉത്തരവിട്ടിരുന്ന സിനിമാ ശാലകള്‍, ജിം, സലൂണ്‍ തുടങ്ങിയവ തുറക്കുന്നതിനുളള നിരോധനം തുടരും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറി,ബാങ്ക് തുടങ്ങിയവ തുടര്‍ന്നും തുറക്കാമെങ്കിലും മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

Exit mobile version