മലയാളിയായ നാല്‍പ്പത്തിയാറുകാരന്‍ ബഹ്റൈനില്‍ മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് മുന്‍പ് കുടുംബസമേതം താമസിച്ചിരുന്ന ഫ്ളാറ്റിനകത്ത്

മനാമ: മലയാളിയായ നാല്‍പ്പത്തിയാറുകാരന്‍ ബഹ്റൈനിലെ ഹാജിയത്തില്‍ മരിച്ച നിലയില്‍. മലപ്പുറം പൊന്നാനി തിരൂര്‍ പടിഞ്ഞാറക്കര സ്വദേശി കോലന്‍ഞാട്ടു വേലായുധന്‍ ജയനാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.

ബഹ്റൈനിലെ ഹാജിയത്തില്‍ ചെറുകിട പലചരക്ക് കച്ചവടം നടത്തിവരികയായിരുന്നു വേലായുധന്‍ ജയന്‍. താമസസ്ഥലത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഞായറാഴ്ച മുതല്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് മറുപടി ലഭിച്ചിരുന്നില്ല.

also read:മരണവീട്ടില്‍ വെച്ച് വാക്കുതര്‍ക്കം, ബന്ധുക്കളുടെ അടിയേറ്റ് 55കാരന് ദാരുണാന്ത്യം

തുടര്‍ന്ന് ബന്ധുക്കള്‍ കാണാനില്ലെന്ന വിവരം ബഹ്റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടയുടെ ഷട്ടര്‍ തുറന്ന നിലയില്‍ ആയിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നിലവിലെ താമസ സ്ഥലത്ത് സമീപവാസികള്‍ ചെന്നു നോക്കിയിട്ടും ഫലമുണ്ടായില്ല.

പിന്നാലെ സ്‌പോണ്‍സര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ച്ചയായ അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹം മുന്‍പ് കുടുംബസമേതം താമസിച്ചിരുന്ന ഫ്ളാറ്റിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഭാര്യ അമൃതയും മകനും ഇപ്പോള്‍ നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിക്കും.

Exit mobile version