സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ എത്തും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

റിയാദ്: കൊറോണയെന്ന മഹാമാരിയില്‍ വിറങ്ങലിച്ച് കഴിയുകയാണ് ലോകം. ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ സൗദി അറേബ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ആയേക്കുമെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബ്യഹ് അറിയിച്ചു.

സൗദിയിലെ ജനങ്ങള്‍ കര്‍ഫ്യൂവും സാമൂഹിക അകലവും പാലിക്കുന്നതിനനുസരിച്ചായിരിക്കും രോഗികളുടെ എണ്ണത്തിലെ വര്‍ധനവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ‘നമ്മുടെ ഉത്തരവാദിത്തം നിലനിര്‍ത്തുന്നതോടൊപ്പം മഹാമാരി തടയുന്നതിനുള്ള നിശ്ചയാദാര്‍ഢ്യവും ഒരു സമൂഹമെന്ന നിലയില്‍ വേണം. അത്തരത്തിലുള്ള നിര്‍ണായക നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്’ തൗഫീഖ് അല്‍ റബ്യഹ് പറഞ്ഞു.

കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടത്തിയ നാല് പഠനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആകുമെന്ന് പറയുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 2795 പേര്‍ക്കാണ് സൗദിയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് ഇതുവരെ 41 പേര്‍ മരിക്കുകയുമുണ്ടായി.

കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാനാണ് ഉത്തരവ്. മലയാളികളടക്കം നിരവധി പേര്‍ സാമ്പത്തിക കേസുകളില്‍ ജയിലിലുണ്ട്. ഈ തീരുമാനം ജാമ്യം നിന്ന് കുടുങ്ങിയവരടക്കം എല്ലാവര്‍ക്കും ആശ്വാസമാകും

Exit mobile version