കൊവിഡ് 19; ഖത്തറില്‍ രോഗികളില്‍ ഏറെയും യുവാക്കള്‍, വിശദാംശങ്ങളുമായി ലുല്‍വ അല്‍ ഖാതിര്‍

ദോഹ: ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് ബാധിതരില്‍ കൂടുതല്‍ പേരും യുവാക്കളെന്ന് ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി വക്താവും വിദേശകാര്യസഹമന്ത്രിയുമായ ലുല്‍വ അല്‍ ഖാതിര്‍. 20 നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് രോഗം കൂടുതലും സ്ഥിരീകരിച്ചതെന്ന് ലുല്‍വ അല്‍ ഖാതിര്‍ വ്യക്തമാക്കി.

549 കേസുകളാണ് ഖത്തറില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതുതായി രണ്ട് പേര്‍ക്ക് കൂടി രോഗം ഭേദമമായതോടെ രാജ്യത്ത് മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 43 ആയി. അതേസമയം, രോഗം ഭേദമായി വരുന്നവരില്‍ ജീവിത ശൈലീ രോഗങ്ങളുള്ളവര്‍, കിഡ്‌നി രോഗികള്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, പ്രായം കൂടിയവര്‍ തുടങ്ങിയ വിഭാഗക്കാരെ പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യില്ലെന്നും ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞു.

നിലവില്‍ പതിനെട്ട് പേരാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ വരും മണിക്കൂറുകളില്‍ മാറ്റം വന്നേക്കാം. നിലവിലുള്ള മുന്‍കരുതല്‍ നടപടികളുമായി ജനങ്ങള്‍ പരമാവധി സഹകരിക്കുകയാണെങ്കില്‍ ഏതാനും ആഴ്ചകള്‍ കൊണ്ട് രോഗികളുടെ എണ്ണം കുറയ്ക്കാനാകുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ ഖല്‍ പറഞ്ഞു

Exit mobile version