സൗദി അറേബ്യയില്‍ 70 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതരുടെ എണ്ണം 344 ആയി ഉയര്‍ന്നു

റിയാദ്: സൗദി അറേബ്യയില്‍ 70 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 344 ആയി ഉയര്‍ന്നു. പുതുതായി സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്.

റിയാദില്‍ 49 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജിദ്ദയില്‍ 11ഉം മക്കയില്‍ രണ്ടും, മദീന, ദമ്മാം, ദഹ്‌റാന്‍, ഖത്വീഫ്, ആല്‍ബാഹ, തബൂക്ക്, ബീശ, ഹഫര്‍ അല്‍ബാത്വിന്‍ എന്നിവിടങ്ങളില്‍ ഒരോന്നും വീതമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 344 ആയി. അതില്‍ എട്ട് പേര്‍ മാത്രമാണ് സുഖം പ്രാപിച്ചത്. ബാക്കിയാളുകള്‍ ചികിത്സയിലാണ്. രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്

പുതിയ കേസുകളില്‍ 58 പേര്‍ നേരത്തെ രോഗബാധിതരായ ആളുകളുമായി ഇടപഴകിയവരാണ്.കല്യാണ പരിപാടികളിലും മരണ ചടങ്ങുകളിലും കുടുംബ യോഗങ്ങളിലും പെങ്കടുത്തതിലൂടെയാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത്. പതിനൊന്ന് പേര്‍ ഇന്ത്യ, മൊറോക്ക, ജോര്‍ദാന്‍, ഫിലിപ്പീന്‍സ്, ബ്രിട്ടന്‍, യുഎഇ, സിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്ന് വന്നവരാണ്. ഇവര്‍ എയര്‍പ്പോര്‍ട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

Exit mobile version