കൊവിഡ്; ബാങ്കിങ് മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്കിങ് മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ. രാജ്യത്തെ മുഴുവന്‍ ബാങ്കുകളോടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാന്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ആവശ്യപ്പെട്ടു. ചൊവ്വാഴ്ച മുതല്‍ ബാങ്ക് ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും.

ഓണ്‍ലൈന്‍ സംവിധാനങ്ങളുള്ള ബ്രാഞ്ചുകള്‍ 16 ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ സംവിധാനമില്ലാത്ത ബ്രാഞ്ചുകളില്‍ കൊവിഡ് പ്രതിരോധ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയിട്ട് തുറന്ന് പ്രവര്‍ത്തിക്കാം. ഇത്തരം ശാഖകളിലെത്തുന്ന ഉപഭോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.

രാജ്യത്തെ മുഴുവന്‍ എടിഎം മെഷീനുകളിലും പണം ഉറപ്പ് വരുത്തണമെന്നും, ഓണ്‍ലൈന്‍ വഴി ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണമയക്കുന്നവരോട് ഫീസ് ഈടാക്കാന്‍ പാടില്ലെന്നും സാമ നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version