ഒമാൻ സുൽത്താൻ ഖാബൂസ് അൽ സഈദിന്റെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച ഇന്ത്യയിൽ ദുഃഖാചരണം

ന്യൂഡൽഹി: ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ അൽ സഈദിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച ദുഃഖാചരണമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് അൽ സഈദ് (79) അന്തരിച്ചത്.ഗൾഫ് ലോകത്തെ തന്നെ ഏറ്റവുമധികം കാലം ഭരണം നയിച്ച ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്.

ഇന്ത്യയോട് ഏറെ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ, ‘വിശിഷ്ട വ്യക്തി’ യോടുള്ള ആദരസൂചകമായി രാജ്യത്താകമാനം ഒരു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ദുഃഖാചരത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. തിങ്കളാഴ്ചത്തെ ഔദ്യോഗിക വിനോദ പരിപാടികൾ മാറ്റിവെച്ചതായും സർക്കാർ അറിയിച്ചു.

സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം അനുശോചനം രേഖപ്പെടുത്തിയിരുന്നു. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച ഭരണാധികാരിയെന്നാണ് സുൽത്താനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. മേഖലയിൽ സമാധാനത്തിന്റെ സന്ദേശവാഹകനെന്നായിരുന്നു പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഖാബൂസിന്റെ പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലായിരുന്നു.

Exit mobile version