മോഡി അനുകൂല പ്ലക്കാര്‍ഡുകളുമായി എത്തി; പൗരത്വ നിയമത്തിനെതിരെ യുകെയിലെ പ്രവാസി പ്രക്ഷോഭം തടസ്സപ്പെടുത്താന്‍ ശ്രമിച്ച് സംഘ് അനുകൂലികള്‍

ലണ്ടന്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുകെയില്‍ സംഘടിപ്പിച്ച പ്രതിഷേധം തടസ്സപ്പെടുത്താനെത്തിയ മോഡി അനുകൂലികളെ പോലീസ് നീക്കം ചെയ്തു. യുകെയിലെ ഇന്ത്യന്‍ പ്രവാസികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ മോഡി അനുകൂല പ്ലക്കാര്‍ഡുകളുമായി എത്തിയ ഒരു കൂട്ടം ആളുകളെയാണ് പോലീസ് ഇടപെട്ട് നീക്കം ചെയ്തത്.

നോട്ടിങ്ഹാമില്‍ ഞായറാഴ്ചയാണ് സംഭവം. ഓള്‍ഡ് മാര്‍ക്കറ്റ് സ്‌ക്വയറിലെ ബ്രിയന്‍ ക്ലൂ സ്റ്റാച്യു വേദിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യന്‍ പ്രവാസികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് അണിനിരന്നത്. റാലിയും തെരവുനാടകങ്ങളുമെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

അയല്‍ രാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന വ്യാജേന രാജ്യത്തെ മുസ്ലിംകളെ അന്യവല്‍കരിക്കുന്ന ബിജെപിയുടെ ഫാസിസ്റ്റ് അജണ്ടയെ പറ്റിയുള്ള ലഘു ലേഖകളും പ്രതിഷേധ പരിപാടികള്‍ക്കിടെ വിതരണം ചെയ്തു. ഇതിനിടെയാണ് മോഡി അനുകൂല പ്ലക്കാര്‍ഡുകളും മെഗാഫോണുമായി സംഘ് അനുകൂലികള്‍ എത്തിയത്. പരിപാടികള്‍ അലങ്കോലപ്പെടുത്തുവാനും സംഘര്‍ഷം സൃഷ്ടിക്കുവാനും ഇവര്‍ ശ്രമിച്ചു. സംഭവത്തില്‍ പിന്നീട് പോലീസ് ഇടപെടുകയായിരുന്നു.

Exit mobile version