കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇസ്ലാമിക് രാജ്യങ്ങളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ച് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനം. ഒഐസി അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് യോഗം ചേരുന്നത്.

ഇസ്ലാമാബാദില്‍ വെച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് രാജകുമാരന്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

സൗദി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയത്തിന് പുറമെ ഇന്ത്യയിലെ പൗരത്വഭേദഗതി നിയമവും എന്‍ആര്‍സിയും ചര്‍ച്ച ചെയ്തതായി ഖുറേഷി പറഞ്ഞു.

അതേ സമയം കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിലൂടെ ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് കരുതുന്നത്. ഐക്യരാഷ്ട്ര സഭയിലടക്കം നേരത്തെ പാകിസ്താന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു.

Exit mobile version