നാട്ടിലേക്ക് വരാന്‍ മണിക്കൂറുകള്‍ ബാക്കി; റിയാദില്‍ മലയാളി മരിച്ചു

റിയാദ്: നാട്ടിലേക്ക് വരാനിരിക്കെ മണിക്കൂറുകള്‍ക്കുള്ളില്‍ മലയാളി മരിച്ചു. പാലക്കാട് ഷോര്‍ണൂര്‍ സ്വദേശി മങ്ങാട്ട് ജയറാമാണ് (43) റിയാദില്‍ വെച്ച് മരിച്ചത്. കരള്‍ രോഗവും പ്രമേഹവും മറ്റും മൂലം 75 ദിവസം ഇയാള്‍ ആശുപത്രിയില്‍ ആയിരുന്നു. തുടര്‍ന്ന് ഡിസ്ചാര്‍ജായി നാട്ടില്‍ പോകാനൊരുങ്ങുന്നതിനിടെയാണ് മരണം.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12.50ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്. നടക്കാന്‍ കഴിയാത്തതിനാല്‍ വീല്‍ച്ചെയറില്‍ യാത്ര ചെയ്യാന്‍ നിയമനടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു.

ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റ് തസ്തികയില്‍ നിയമിതനായി മൂന്ന് മാസം മുമ്പാണ് മങ്ങാട്ട് ജയറാം ഇവിടെ എത്തിയത്. നേരത്തെയും അസുഖം ഉണ്ടായിരുന്നു. ഇത് ജോലിയില്‍ കയറി ഒരാഴ്ചക്കുള്ളില്‍ തന്നെ മൂര്‍ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശുമൈസി കിങ് സൗദ് ആശുപത്രിയില്‍ 75 ദിവസം ചികിത്സയില്‍ കഴിഞ്ഞു. അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം സാമൂഹിക പ്രവര്‍ത്തകരായ റഫീഖ് ഉമ്മഞ്ചിറയുടെയും പ്രദ്യുമ്‌നന്റെറയും സംരക്ഷണയില്‍ 15 ദിവസമായി കഴിഞ്ഞുവരികയായിരുന്നു.

3.60 ലക്ഷം റിയാലിന്റെ ചികിത്സാ ബില്ല് ആശുപത്രി അധികൃതര്‍ ഒഴിവാക്കി കൊടുത്തു. ആശുപത്രിയിലായപ്പോള്‍ തന്നെ നാട്ടില്‍ പോകാന്‍ എക്‌സിറ്റ് അടിച്ചിരുന്നു. കാലാവധി കഴിഞ്ഞതിനാല്‍ റഫീഖ് ഉമ്മഞ്ചിറയുടെ ശ്രമഫലമായി പുതുക്കി. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ ഓവര്‍സീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു.

Exit mobile version