ജുമുഅ നിസ്‌കരിക്കാൻ വൻതുക മുടക്കി ടാക്‌സി വിളിച്ച് തൊഴിലാളികൾ; കോടികൾ ചെലവഴിച്ച് ഫുജൈറയിൽ പള്ളി നിർമ്മിച്ച് നൽകി സജി ചെറിയാൻ; ആദരിച്ച് യുഎഇ ഭരണകൂടം

അബുദാബി: തനിക്ക് എല്ലാസൗഭാഗ്യങ്ങളും നൽകിയ പോറ്റമ്മയായ നാടിന് തന്നാലാകും വിധം നന്മകൾ തിരിച്ചുനൽകി മലയാളി വ്യവസായി സജി ചെറിയാൻ. വൻതുക മുടക്കി വെള്ളിയാഴ്ച ജുമുഅ നിസ്‌കരിക്കാനായി തൊഴിലാളികൾ ടാക്‌സിയിൽ നഗരത്തിലേക്ക് പോകുന്നത് കണ്ടാണ് സജി ചെറിയാൻ അവർക്ക് ആശ്വാസമേകാനായി ഫുജൈറയിൽ പള്ളി നിർമ്മിച്ച് നൽകിയത്. അന്യന്റെ പ്രതിസന്ധിയെ പുഞ്ചിരിയാക്കി മാറ്റാൻ കാരുണ്യത്തിന്റെ വെളിച്ചം നൽകിയ സജി ചെറിയാനെ ആദരിച്ച് യുഎഇ ഭരണകൂടം കൃതജ്ഞത അറിയിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.

ക്രൈസ്തവ വിശ്വാസിയായ മലയാളി വ്യവസായി സജി ചെറിയാനെ യുഎഇ രാജ്യത്തിന് മികച്ച സംഭാവനകൾ നൽകുന്നവർക്കുള്ള പയനീർ അവാർഡ് സമ്മാനിച്ചാണു ആദരിച്ചത്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണു സജി ചെറിയാൻ. അബുദാബി സാദിയാത് ഐലൻഡിലെ സെന്റ് റഗിസ് ഹോട്ടലിൽ നടന്ന വാർഷിക സർക്കാർ സമ്മേളനത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സജി ചെറിയാന് അവാർഡ് സമ്മാനിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

സജി ചെറിയാൻ 13 ലക്ഷം ദിർഹം ചെലവിലാണു ഫുജൈറ അൽഹായിൽ വ്യവസായ മേഖലയിലെ ലേബർ ക്യാംപിനു സമീപം മുസ്ലിം പള്ളി നിർമിച്ചുനൽകിയത്. പള്ളിക്ക് മറിയം ഉമ്മു ഈസ (മേരി, ദ് മദർ ഓഫ് ജീസസ് മോസ്‌ക്) എന്നും പേരിട്ടു. ഇതര മതക്കാരനായ ഒരാൾ യുഎഇയിൽ നിർമ്മിച്ച ആദ്യത്തെ മുസ്ലിം പള്ളി ചരിത്രത്തിലും ഇടം നേടിയിരുന്നു. ഈ പള്ളിയിൽ 250 പേർക്ക് നമസ്‌ക്കരിക്കാൻ സൗകര്യമുണ്ട്. മുറ്റത്തും പരിസരങ്ങളിലുമായി കൂടുതൽ 500 പേർക്ക് നമസ്‌ക്കരിക്കാം. റമസാനിൽ 28,000 പേർക്ക് ഇഫ്താർ നൽകിവരുന്ന സജി മുസ്ലിം സഹോദരങ്ങൾക്കൊപ്പം 13 വർഷമായി വ്രതമെടുക്കാറുള്ളയാൾ കൂടിയാണ്.

ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഇതിന് യുഎഇയോടും ഭരണാധികാരികളോടും കടപ്പെട്ടിരിക്കുന്നുവെന്നും സജി ചെറിയാൻ പ്രതികരിച്ചു. ജാതിമത ഭേദമന്യേ ഇവിടെ വന്ന് ജോലിയും ബിസിനസും ചെയ്ത് ജീവിക്കാൻ അവസരം നൽകിയ ഈ നാടിനുവേണ്ടി തന്നാൽ കഴിയുന്നതു തിരിച്ചു നൽകുകയാണ് ചെയ്തതെന്നും അത് തുടരുമെന്നും സജി ചെറിയാൻ പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ ആളുകൾക്ക് ഇഫ്താറിന് അവസരമൊരുക്കുമെന്നും രാജ്യത്തിന്റെ ഇതര ജീവകാരുണ്യ പദ്ധതികളുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.

ആലപ്പുഴ കായംകുളം തത്തിയൂർ സ്വദേശിയും എഞ്ചിനീയറുമായ സജി 2003 ലാണ് തൊഴിൽതേടി യുഎഇയിൽ എത്തിയത്. ഭാര്യ എൽസിയും സജിയുടെ ബിസിനസിൽ സഹകരിക്കുന്നു. വിദ്യാർത്ഥികളായ സച്ചിൻ സജി ചെറിയാൻ, എൽവിൻ സജി ചെറിയാൻ എന്നിവരാണ് മക്കൾ

Exit mobile version