ഒമാനില്‍ കുടിവെള്ള പൈപ്പില്‍ വെള്ളം കയറി മരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം

മസ്‌ക്കറ്റ്: ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി മരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരണം. ഒമാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരില്‍ മലയാളികള്‍ ഉണ്ടോ എന്നതില്‍ സ്ഥിരീകരണമില്ല.

ഞായറാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി ആറ് തൊഴിലാളികളാണ് മരിച്ചത്. മസ്‌ക്കറ്റിലെ സീബ് മേഖലയിലാണ് അപകടം നടന്നത്.

മരിച്ചവരുടെ പൂര്‍ണ വിവരങ്ങള്‍ക്കായി അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. എല്ലാവിധ പിന്തുണയും എംബസിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

തൊഴിലാളികള്‍ കുടുങ്ങിയെന്ന വിവരം ലഭിച്ചതിനു പിന്നാലെ രാത്രി തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 14 അടി ആഴത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. അപകടത്തില്‍പ്പെട്ടവര്‍ ഏഷ്യന്‍ വംശജക്കാരാണെന്ന് നേരത്തെ ഒമാന്‍ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഏത് രാജ്യക്കാരാണെന്നതില്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

Exit mobile version