ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ തമ്മിലുള്ള അടിപിടി പരിഹരിക്കാന്‍ ഇടപെട്ടു; പ്രവാസിക്ക് കണ്ണ് നഷ്ടമായി

ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളുടെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ് യുവാവിന് ഒരു കണ്ണ് നഷ്ടമായി.

ഷാര്‍ജ: ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളുടെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ് യുവാവിന് ഒരു കണ്ണ് നഷ്ടമായി. അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 22കാരന്റെ ഒരു കണ്ണ് നഷ്ടമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാളുടെ തലയോട്ടിക്കും പരിക്കുണ്ട്.

ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ – 1ല്‍ ആയിരുന്നു സംഭവം. 22 വയസുകാരനായ നൈജീരിയന്‍ പൗരന്‍ സുഹൃത്തിനെ സന്ദര്‍ശിക്കാനാണ് ലേബര്‍ ക്യാമ്പിലെത്തിയത്. ഈ സമയത്ത് ഇരുപതോളം പ്രവാസി തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് തര്‍ക്കിക്കുന്നത് ശ്രദ്ധയില്‍പെട്ട ഇയാള്‍ പ്രശ്‌നം പരിഹരിക്കാനായി ഇടപെടുകയായിരുന്നു.

എന്നാല്‍ തൊഴിലാളികള്‍ ഇയാളെയും മര്‍ദ്ദിച്ചു. ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റാണ് ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട് സുഹൃത്തിന്റെ മുറിയില്‍ കയറുകയായിരുന്നു. സുഹൃത്താണ് ഉടന്‍ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചത്.

Exit mobile version