ദൗത്യം പൂര്‍ത്തിയാക്കി ഹസ്സ അല്‍ മന്‍സൂരി തിരിച്ചെത്തി, ഉമ്മയെ കണ്ടപ്പോള്‍ കാലില്‍ ചുംബിച്ച് ആശ്ലേഷിച്ച് സ്‌നേഹപ്രകടനം; ഹൃദ്യം വീഡിയോ

ദുബായ്: എട്ടുദിവസത്തെ അന്താരാഷ്ട്ര ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിയ്ക്ക് ഊഷ്മള സ്വീകരണം നല്‍കി യുഎഇ. ശനിയാഴ്ച യുഎഇ സമയം വൈകിട്ട് 5ന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ വിഐപി വിമാനത്താവളമായ അല്‍ ബത്തിനിലാണ് അദ്ദേഹം വന്നിറങ്ങിയത്.

തിരികെ യുഎഇയില്‍ എത്തിയ ഹസ്സ മാതാവിനെ സന്ദര്‍ശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. മാതാവിനെ നേരിട്ട് കണ്ടപ്പോള്‍ ഹസ്സ മുട്ടുകുത്തി നിന്ന് മാതാവിന്റെ കാലുകളില്‍ ചുംബിക്കുകയാണ് ചെയ്തത്. ശേഷം മാതാവിനെ ആശ്ലേഷിക്കുകയും നെറ്റിയില്‍ ചുംബിക്കുകയും ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സമീപത്ത് നില്‍ക്കുമ്പോഴായിരുന്നു ഹസ്സയുടെ സ്‌നേഹപ്രകടനം.

ശനിയാഴ്ച യുഎഇയില്‍ എത്തിയ ഹസ്സയെ, യുഎഇ ഉപസര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ബഹിരാകാശ യാത്രയില്‍ ഒപ്പം കരുതിയിരുന്ന യുഎഇയുടെ പട്ടുപതാക ഷെയ്ഖ് മുഹമ്മദിന് ഹസ്സ അല്‍ മന്‍സൂരി സമ്മാനിച്ചു. ഹസ്സയുടെ മക്കളടക്കം നൂറു കണക്കിനു കുട്ടികളും ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞ് സ്വീകരിക്കാനെത്തിയിരുന്നു.

നേരത്തെയും ഹസ്സ മാതാവിനോടുള്ള സ്‌നേഹം വെളിപ്പെടുത്തിയിരുന്നു. ഹസ്സാ അല്‍ മന്‍സൂരി ഭൂമിയില്‍ ഇറങ്ങിയാല്‍ ആദ്യം ഫോണ്‍ വിളിക്കുക അദ്ദേഹത്തിന്റെ മാതാവിനെയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബഹിരാകാശത്തേക്ക് പുറപ്പെടുന്നതിനു മുന്‍പ് അറബ് മാധ്യമത്തിനു നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു മാതൃസ്‌നേഹത്തിന്റെ ഗന്ധമുള്ള വാചകങ്ങള്‍ മകന്‍ വെളിപ്പെടുത്തിയത്.

ഫോണ്‍ വിളിയിലെ ഉള്ളടക്കവും ഹസ്സ വ്യക്തമാക്കിയിരുന്നു. അത് ഇങ്ങനെ ‘ഉമ്മാ…നമ്മുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു, യുഎഇയുടെ പേര് ഉയരങ്ങളില്‍ എത്തിക്കാന്‍ നമുക്ക് സാധിച്ചു. അതോടൊപ്പം നമ്മുടെ ചിരകാല സ്വപ്നവും സഫലമായി’.

Exit mobile version