യുഎഇയുടെ സ്വപ്‌നം സഫലം! ആദ്യ ബഹിരാകാശ സഞ്ചാരിയായി ഹസ അല്‍ മന്‍സൂറി

അബുദാബി: യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായി ഹസ അല്‍ മന്‍സൂറി.
രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് ആദ്യ സഞ്ചാരിയെന്ന യുഎഇയുടെ സ്വപ്‌നമാണ് ഹസ യാഥാര്‍ഥ്യമാക്കിയത്.

സെപ്തംബര്‍ 25 ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് യുഎഇ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂറി പുറപ്പെട്ടത്. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരാണ് സഹയാത്രികര്‍. പ്രതീകമായി സുഹൈല്‍ എന്ന പാവക്കുട്ടിയും ഒപ്പമുണ്ട്.

സോയുസ് എംഎസ് 15 പേടകത്തില്‍ ആറ് മണിക്കൂറാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ അവര്‍ എത്തിച്ചേരാന്‍ എടുക്കുന്ന സമയം. എട്ടു ദിവസമാണ് അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ കഴിയുക. അടുത്ത മാസം നാലിന് തിരികെ എത്തും.

ഭൂമിയുടെ ഏതാണ്ട് 400കിലോമീറ്റര്‍ മുകളിലുള്ള പരിക്രമണപഥത്തിലാണ് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിനോളം വലിപ്പം വരുന്ന ബഹിരാകാശനിലയം. നിലവില്‍ ആറ് പേര്‍ അവിടെ താമസിക്കുന്നുണ്ട്. സോയുസ് എംഎസ് 15 പേടകത്തിന് 7.48 മീറ്റര്‍ നീളവും 2.71 മീറ്റര്‍ വ്യാസവുമുണ്ട്.

ഇന്റര്‍നാഷനല്‍ സ്പേസ് സെന്ററില്‍ ആദ്യമായി അറബ് ലോകത്തുനിന്നൊരാള്‍ എത്തുന്നതിന്റെ പ്രതീകാത്മകസന്ദേശം കൂടിയാണ് പുതിയ കാലത്തിന്റെ താരകം എന്നറിയപ്പെടുന്ന സുഹൈലിന്റെ സാന്നിധ്യം.

2017ലാണ് യുഎഇ വൈസ്പ്രസിഡന്റ് തങ്ങളുടെ ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. ബഹിരാകാശസഞ്ചാരിയാവാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചതോടെ നിരവധി പേരാണ് താത്പര്യത്തോടെ മുന്നോട്ടുവന്നത്. അതില്‍ നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍നാലായിരത്തോളം പേര്‍ മാത്രമാണ് ഉണ്ടായത്. അവരില്‍നിന്ന് രണ്ടു പേരെയാണ് തിരഞ്ഞെടുത്തത്. അതിലൊരാളാണ് ഹസ. സുല്‍ത്താന്‍ അല്‍ നയാദിയായിരുന്നു മറ്റൊരാള്‍. ബാക്കപ്പ് ആസ്‌ട്രോനോട്ട് ആയിട്ടായിരുന്നു അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്മനോട്ട് പരിശീലനകേന്ദ്രത്തിലായിരുന്നു ഇവര്‍ക്ക് പരിശീലനം നല്‍കിയത്.

ബഹിരാകാശ യാത്രികന് അബൂദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഭാവുകങ്ങള്‍ നേര്‍ന്നു.

Exit mobile version