സുപ്രീം കോടതി പറയുന്നതെല്ലാം ശരിയാകണമെന്നില്ല; മരട് ഫ്‌ളാറ്റ് വിഷയത്തെ കുറിച്ച് ജസ്റ്റിസ് കമാല്‍ പാഷ

ഇന്ത്യയില്‍ ജനങ്ങള്‍ക്ക് ജൂഡീഷ്യറിയില്‍ വിശ്വാസം കുറഞ്ഞു വരുന്ന സാഹചര്യമാണ് ഉള്ളതെന്നും ജസ്റ്റിസ് കമാല്‍ പാഷ കുവൈറ്റില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

കുവൈറ്റ് സിറ്റി: സുപ്രീം കോടതി പറയുന്ന കാര്യങ്ങളെല്ലാം ശരിയാകണമെന്നില്ല എന്ന് മരട് ഫ്‌ളാറ്റ് വിഷയത്തില്‍ പ്രതികരിച്ച് ജസ്റ്റിസ് കമാല്‍ പാഷ. ഇന്ത്യയില്‍ ജനങ്ങള്‍ക്ക് ജൂഡീഷ്യറിയില്‍ വിശ്വാസം കുറഞ്ഞു വരുന്ന സാഹചര്യമാണ് ഉള്ളതെന്നും ജസ്റ്റിസ് കമാല്‍ പാഷ കുവൈറ്റില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുവൈറ്റില്‍ കൊല്ലം ജില്ലാ അസോസിയേഷന്റെ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

അതേ സമയം മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ക്ക് നഷ്ടപരിഹാരം ഒരുവര്‍ഷത്തിനുള്ളില്‍ നല്‍കും. സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാര കമ്മിറ്റി അടുത്ത ആഴ്ച പ്രവര്‍ത്തിച്ചു തുടങ്ങും. സമിതിയുടെ ആദ്യ യോഗം സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ കൊച്ചിയിലെ വസതിയില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, ജില്ലാ കലക്ടര്‍ എസ് സുഹാസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു. സമിതിയ്ക്കായി ഓഫീസ് കെട്ടിടവും ജീവനക്കാരെയും ലഭ്യമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു.

Exit mobile version