പ്രവാസികള്‍ക്കിടയില്‍ പ്രിയമേറി പ്രവാസി ചിട്ടി; ധനമന്ത്രി തോമസ് ഐസക്കിന് യുഎഇ ഒരുക്കിയത് ഗംഭീര സ്വീകരണം

പ്രവാസി ചിട്ടിക്ക് വലിയ സ്വീകാര്യതയാണ് പ്രവാസ ലോകത്തു നിന്ന് ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അബുദാബി: നാടും വീടും ഉപേക്ഷിച്ച് കഷ്ടപ്പെടുന്ന പ്രവാസികളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച പ്രവാസി ചിട്ടിക്ക് പ്രിയമേറുന്നു. ആദ്യഘട്ടത്തില്‍ തന്നെ വന്‍ വരവേല്‍പ്പ് തന്നെയാണ് ചിട്ടിക്ക് ലഭിച്ചത്. ഇപ്പോഴും ആ പ്രിയം മാറ്റമില്ലാതെ തുടരുകയാണ്. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ പ്രചരണത്തിനായി യുഎഇയില്‍ എത്തിയ ധനമന്ത്രിക്ക് വന്‍ സ്വീകരണം തന്നെയാണ് യുഎഇ ഒരുക്കിയിരുന്നത്.

ഹോട്ടല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് പ്രവാസി ചിട്ടിയില്‍ പങ്കാളികളായത്. പ്രവാസി ചിട്ടിയില്‍ പങ്കുചേര്‍ന്ന് കൊണ്ടുള്ള തങ്ങളുടെ സന്തോഷം ദുബായ് വൈഡ് റേഞ്ച് ഹോട്ടലിലെ ജീവനക്കാര്‍ മന്ത്രിയുമായി പങ്കുവെയ്ക്കുകയും ചെയ്തു. തങ്ങള്‍ക്ക് ചിട്ടി ഏറെ ഉപകാരപ്രദമെന്നാണ് ഏവരുടെയും അഭിപ്രായം.

തുടര്‍ന്ന് പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാരോട് പങ്കുവെയ്ക്കാനും മന്ത്രി മറന്നില്ല. കാര്യങ്ങള്‍ മന്ത്രി ഹോട്ടല്‍ ജീവനക്കാരോട് വിശദീകരിച്ചു. പ്രവാസി ചിട്ടിക്ക് വലിയ സ്വീകാര്യതയാണ് പ്രവാസ ലോകത്തു നിന്ന് ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവാസി ചിട്ടിയില്‍ ചേരുന്നതോടൊപ്പം ഒരു നിക്ഷേപവും കേരളത്തിന്റെ വികസന പദ്ധതികളില്‍ പങ്കാളികളാകാന്‍ ഉള്ള അവസരം കൂടിയുമാണ് ലഭിക്കുകയെന്നും തോമസ് ഐസക്‌ വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകളെ വന്‍ ആവേശത്തോടെയാണ് ജീവനക്കാര്‍ സ്വകീരിച്ചതും. കേരളത്തിന്റെ നിക്ഷേപ പദ്ധതികളില്‍ എന്നും മുന്നില്‍ നിന്നിട്ടുള്ള പ്രവാസികള്‍ ഇനിയും ഒപ്പം ഉണ്ടാകും എന്ന് ഹോട്ടല്‍ ജീവനക്കാര്‍ മന്ത്രിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. ലോക കേരള സഭ അംഗം കെഎല്‍ ഗോപി, വൈഡ് റേഞ്ച് ഹോട്ടല്‍ ഡയറക്ടര്‍ അഫീര്‍ ദുബായിയിലെ പൊതുപ്രവര്‍ത്തകരായ സിപികെ മുഹമ്മദ്, ആഷിക്ക് ഹൈദര്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. തങ്ങളുടെ ഹോട്ടലിലെ ജീവനക്കാര്‍ എല്ലാവരും ചേര്‍ന്ന് മൊത്തം ഒരു കോടി രൂപയുടെ ചിട്ടിയിലാണ് ചേരുകയെന്ന് വൈഡ് റേഞ്ച് ഹോട്ടല്‍ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version