‘ട്രോളുന്നതില്‍ അര്‍ത്ഥമില്ല, പെട്രോള്‍ വില വര്‍ധനയില്‍ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്, ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്’ തോമസ് ഐസക്

Thomas Isaac | Bignewslive

തിരുവനന്തപുരം: മരംകൊള്ളയ്‌ക്കെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡുമായി എത്തിയ പ്രവര്‍ത്തകയാണ് ഇന്ന് സോഷ്യല്‍മീഡിയയുടെ ഇര. വീഡിയോ സൈബര്‍ ഇടത്ത് തരംഗമായി കഴിഞ്ഞു, ഒപ്പം ട്രോളുകളും. ‘പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക ഡിവൈഎഫ്‌ഐ’ എന്നെഴുതിയ പ്ലക്കാര്‍ഡുമായി പ്രവര്‍ത്തക പ്രതിഷേധിച്ചത്.

സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്. ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ഥമില്ലെന്നും പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന പ്രതിഷേധമാണ് അബദ്ധത്തിലെങ്കിലും ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ…
ആറ്റിങ്ങലിൽ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയിൽ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാൻ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്ഐയുടെ ഒരു പ്ലക്കാർഡ് ബിജെപി പ്രവർത്തകർ ഉയർത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോൾ വില വർദ്ധനയ്ക്കെതിരെയാണ് പ്ലക്കാർഡ്. ഈ പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാൻ മനസിലാക്കുന്നത്. പെട്രോൾ വില ഇങ്ങനെ കുതിച്ചുയരുന്നതിൽ ആ പ്രവർത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.
ആ കുട്ടിയെ ട്രോളുന്നതിൽ അർത്ഥമില്ല. പെട്രോൾ വില വർദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചത്.
ഇത് അല്ലെങ്കിൽ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാൻ ആർക്കെങ്കിലും കഴിയുമോ?

Exit mobile version