തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തത്; കേസില്‍ ഇനി ഇടപെടില്ലെന്ന് എംഎ യൂസഫലി

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ ചെക്ക് കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തതെന്നും കേസില്‍ ഒരു തരത്തിലും ഇനി ഇടപെടില്ലെന്നും യൂസഫലി വിശദീകരണം നല്‍കി. യൂസഫലിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് ഒരിടപെടലും നടത്തില്ല. യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ബാഹ്യ ഇടപെടലുകള്‍ സാധ്യമാകില്ല. നിയമം നിയമത്തില്‍ വഴിക്ക് പോകുമെന്നും വിശദീകരണത്തില്‍ പറയുന്നു.

തുഷാര്‍ വെള്ളാപ്പള്ളി പ്രവാസിയെ വഞ്ചിച്ചതിന് ജയിലിലായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരും യൂസഫലിയും ഇടപെടല്‍ നടത്തിയതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

കേസിന്റെ വിചാരണ തീരുന്നത് വരെയോ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് തുഷാറിന് ജാമ്യം അനുവദിച്ചിരുന്നത്. തുഷാറിന് യാത്രാവിലക്കും ഉണ്ട്. പാസ്പോര്‍ട്ട് അടക്കം കോടതി വാങ്ങിവച്ചു.

പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. ഏകദേശം 18 കോടി രൂപയുടേതാണ് ചെക്ക്.

Exit mobile version