ബാഗുകളുടെ ഒരു ഭാഗമെങ്കിലും പരന്ന പ്രതലമായിരിക്കണം; ഷാര്‍ജയില്‍ പുതിയ ബാഗേജ് പോളിസി

യാത്രക്കാരുടെ ബാഗേജിന് ഒരു ഭാഗത്തുപോലും പരന്ന പ്രതലമില്ലെങ്കില്‍ ചെക്ക് ഇന്‍ സമയത്ത് ബാഗ് തള്ളിക്കളയുന്നതായിരിക്കും

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡിസംബര്‍ നാല് മുതല്‍ പുതിയ ബാഗേജ് പോളിസി നിലവില്‍ വരുന്നു. ബാഗുകളുടെ ഒരു ഭാഗമെങ്കിലും പരന്ന പ്രതലമായിരിക്കണം എന്ന നിബന്ധന ബാഗേജ് പോളിസിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഈ പോളിസികള്‍ പിന്തുടരേണ്ടതാണ് എന്നും നിബന്ധനയില്‍ പറയുന്നു.

യാത്രക്കാരുടെ ബാഗേജിന് ഒരു ഭാഗത്തുപോലും പരന്ന പ്രതലമില്ലെങ്കില്‍ ചെക്ക് ഇന്‍ സമയത്ത് ബാഗ് തള്ളിക്കളയുന്നതായിരിക്കും. അയഞ്ഞ കയറോ വള്ളിയോ ഇട്ട് കാര്‍ഡ്ബോര്‍ഡ് പെട്ടികളും മറ്റും കെട്ടിവെക്കരുത്. ഇത് അഴിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. ഇത്തരം പെട്ടികള്‍ കട്ടിയുള്ള സെല്ലോടേപ്പ് ഇട്ട് സുരക്ഷിതമായി പൊതിയണം അല്ലാത്തപക്ഷം അത്തരം ബാഗേജുകള്‍ തിരിച്ചയക്കും.

നീളമുള്ള വള്ളികള്‍ തൂങ്ങിക്കിടക്കുന്ന ബാഗേജുകളും അനുവദിക്കില്ല. ക്രമരഹിതമായ ആകൃതിയിലുള്ളതും സാധനങ്ങള്‍ കുത്തിനിറച്ച് അമിത വലുപ്പത്തിലുള്ള ബാഗുകളും അനുവദിക്കുന്നതല്ല. ബാഗേജുകളുടെ സുഖമമായ കൈകാര്യം ചെയ്യലിന് വൃത്താകൃതിയിലുള്ള ബാഗുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരം ബാഗേജുകള്‍ ബാഗേജ് ഡെലിവറി വൈകുന്നതിന് കാരണമാവുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നതിനാലാണ് പുതിയ തീരുമാനങ്ങള്‍.

പുതിയ ബാഗേജ് പോളിസി യാത്രക്കാരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിഡ്ഫ പറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഒരു ബാഗേജും ഡിസംബര്‍ നാല് മുതല്‍ വിമാനത്താവളത്തില്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version