ഇത്തവണയും താമര വിരിഞ്ഞില്ല; ബിജെപിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് കേരളം

കേരളത്തില്‍ രണ്ട് ലക്ഷത്തിലധികം വോട്ട് നേടാന്‍ കഴിഞ്ഞത് അഞ്ച് പേര്‍ക്കു മാത്രമാണ്

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ കഠിനമായി പരിശ്രമിച്ചെങ്കിലും കേരളത്തില്‍ ഇത്തവണയും താമര വിരിഞ്ഞില്ല. കേരളത്തില്‍ അഞ്ചു സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ പറഞ്ഞിരുന്നത്. എന്നാല്‍ കേരളത്തില്‍ രണ്ട് ലക്ഷത്തിലധികം വോട്ട് നേടാന്‍ കഴിഞ്ഞത് അഞ്ച് പേര്‍ക്കു മാത്രമാണ്.

ഒട്ടേറെ സീറ്റുകളില്‍ ജയിച്ച് ചരിത്രനേട്ടമുണ്ടാക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്. തിരുവനന്തപുരത്തു ജയവും പത്തനംതിട്ടയിലും തൃശ്ശൂരിലും പാലക്കാട്ടും രണ്ടാമതും എത്തുമെന്നും പാര്‍ട്ടി കണക്കുകൂട്ടി. എന്നാല്‍ കണക്കു കൂട്ടലുകളെല്ലാം പിഴയ്ക്കുകയായിരുന്നു. ബിജെപി പ്രതീക്ഷിച്ചതുപോലെയൊന്നും കേരളത്തില്‍ നടന്നില്ല.

എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ 11 ലക്ഷത്തിലേറെ വോട്ട് അധികം നേടിയെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക കണക്ക്. പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്ത് ജയം പ്രതീക്ഷിച്ച് മത്സര പോരാട്ടം കാഴ്ചവെച്ച കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രണ്ടാമനാകേണ്ടി വന്നു.

താമര വിരിയിക്കുമെന്ന ലക്ഷ്യത്തോടെ 2014-ല്‍ മത്സരിച്ച ഒ. രാജഗോപാലിനെപ്പോലെ തന്നെ തിളക്കമില്ലാത്ത പ്രകടനമായിരുന്നു മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയ കുമ്മനം രാജശേഖരനും. രാജഗോപാല്‍ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതും പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ മൂന്നാമതുമായിരുന്നു.

എന്നാല്‍ കുമ്മനം നേമത്തു മാത്രമാണ് ഒന്നാമതായത്. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും രണ്ടാമതും മറ്റ് മൂന്നിടത്ത് മൂന്നാമതും എത്തി. മൂന്നുലക്ഷത്തിലധികം വോട്ടാണ് ആകെ കുമ്മനം നേടിയത്. എന്നാല്‍ പത്തനംതിട്ടയില്‍ പ്രതീക്ഷിച്ചതിലും അധികം വോട്ടുകളാണ് ബിജെപിയുടെ കെ സുരേന്ദ്രന്‍ നേടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള നല്ല മുന്നേറ്റമാണ് ഇവിടെ സുരേന്ദ്രന്റെ വോട്ട് വര്‍ധിപ്പിച്ചത്.

ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലമെന്ന നിലയില്‍ ഇവിടുത്തെ വിശ്വാസിസമൂഹം വോട്ടുവിഹിതം കൂട്ടി. പത്തനംതിട്ടയില്‍ മൂന്നു ലക്ഷത്തിനടുത്ത് വോട്ടുനേടിയെങ്കിലും ഒരിടത്തും സുരേന്ദ്രന് ഒന്നാമനാകായില്ല. അടൂരില്‍ മാത്രമാണ് രണ്ടാമതെങ്കിലും എത്താനായത്. കൂടാതെ പിസി ജോര്‍ജിന്റെ കേരളജനപക്ഷം പൂഞ്ഞാര്‍ ഉള്‍പ്പെട്ട പത്തനംതിട്ടയില്‍ ബിജെപിക്ക് ഗുണമുണ്ടാക്കിയതുമില്ല.

എന്നാല്‍ തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ‘മാസ് എന്‍ട്രി’ മറ്റു രണ്ടു മുന്നണികള്‍ക്കും തിരിച്ചടിയാവുമോയെന്ന ഭയം ഉയര്‍ത്തിയിരുന്നു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ആശങ്കകള്‍ക്ക് വഴി വെച്ചു. എന്നാല്‍ ഫലം പുറത്തു വന്നപ്പോള്‍ തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ രണ്ടാമതെത്തിയതും മൂന്നു ലക്ഷത്തിനടുത്ത് വോട്ടുകിട്ടിയതും മാത്രമാണ് ഏക ആശ്വാസം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശോഭാസുരേന്ദ്രന്‍ നേടിയതിനേക്കാല്‍ മുക്കാല്‍ ലക്ഷത്തിലേറെ വോട്ടുകളാണ് പാലക്കാട്ട് സി. കൃഷ്ണകുമാറിന് കൂടുതല്‍ ലഭിച്ചത്. കൂടാതെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മൂന്നാമതുമായി. വിജയം നേടാനായില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാനായത് ബിജെപിക്ക് നേരിയ ആശ്വാസമായി. എന്നാല്‍ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞതിനുള്ള കാരണം തേടുകയാണ് ബിജെപി ഇപ്പോള്‍.

Exit mobile version