വോട്ടെണ്ണി തീര്‍ന്നാല്‍ പണിപാളുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ്; കാലുവാരി മായാവതിയും അഖിലേഷും മമതാ ബാനര്‍ജിയും

പ്രധാനമന്ത്രി സ്ഥാനത്തോട് അടങ്ങാത്ത ആഗ്രഹമുള്ള പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ച് വോട്ടെണ്ണി തീരുന്നത് വരെ കാത്തിരിക്കാനാണ് കോണ്‍ഗ്രസിനെ ഉപദേശിക്കുന്നത്.

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീരും മുമ്പ് തന്നെ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലെന്ന സൂചന നല്‍കി ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസിന്റെ ഉറക്കം കളയുന്നത് വോട്ടെണ്ണി തീര്‍ന്നു കഴിഞ്ഞാലുള്ള പ്രതിപക്ഷ കക്ഷികളുടെ പോരിനെ കുറിച്ചുള്ള ദുഃസ്വപ്‌നങ്ങളാണ്. വോട്ടെണ്ണലിനു മുമ്പായി സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ തേടി കോണ്‍ഗ്രസ് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷികളായ ബിഎസ്പിയുടെ മായാവതിയും എസ്പിയുടെ അഖിലേഷ് യാദവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മായാവതിയും അറിയിച്ചു.

കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ തനിച്ച് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ച സ്ഥിതിക്ക് ചെറുകക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനും എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനം അരക്കിട്ട് ഉറപ്പിക്കാനും വേണ്ടിയാണ് കോണ്‍ഗ്രസ് യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തോട് അടങ്ങാത്ത ആഗ്രഹമുള്ള പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ച് വോട്ടെണ്ണി തീരുന്നത് വരെ കാത്തിരിക്കാനാണ് കോണ്‍ഗ്രസിനെ ഉപദേശിക്കുന്നത്.

വോട്ടെടുപ്പ് ഇനിയും ബാക്കിയുള്ളതിനാലാണ് കോണ്‍ഗ്രസിനെതിരെ പരസ്യമായ എതിര്‍പ്പുമായി അഖിലേഷും മമതാ ബാനര്‍ജിയുമൊന്നും രംഗത്ത് എത്താത്തത്. ഇതിനിടയിലും, മൗനം പാലിക്കാന്‍ തയ്യാറാകാത്ത മായാവതി രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കതിരെ പരസ്യമായ വിമര്‍ശനവുമായി ഇടയ്ക്കിടെ രംഗത്തുവരുന്നുണ്ട്. ഇതും പ്രതിപക്ഷത്തിനുള്ളിലെ പൊട്ടിത്തെറിയെ സൂചിപ്പിക്കുന്നു. ആല്‍വാര്‍ കൂട്ടമാനഭംഗക്കേസില്‍ സുപ്രീംകോടതി അടിയന്തരമായി ഇടപെടണമെന്ന് മായാവതി കഴിഞ്ഞദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആഗ്രഹവും മായാവതി പ്രകടിപ്പിച്ചിരുന്നു.

ഇതിനിടെ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കഴിഞ്ഞയാഴ്ച പശ്ചിമ ബംഗാളിലെത്തി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും വോട്ടെടുപ്പ് കഴിയാതെ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടാണ് മമത സ്വീകരിച്ചത്. പ്രധാനമന്ത്രി സ്ഥാനം മനസില്‍ സൂക്ഷിക്കുന്ന നായിഡുവിനെ അടുപ്പിക്കുന്നത് മമതയ്ക്കും വ്യക്തിപരമായി താല്‍പര്യമില്ലാത്ത കാര്യമാണ്. ഇതേ നിലപാടാണ് മായാവതിയും സ്വീകരിച്ചത്. എന്നാല്‍ ഇവരാരും പരസ്യമായ അതൃപ്തി പ്രകടിപ്പിക്കാത്തത് പ്രതിപക്ഷ ഐക്യത്തിനെതിരെ ചോദ്യമുയരുന്നത് തടയുക എന്നത് മാത്രം മനസില്‍ വെച്ചാണ്.

എങ്കിലും, പ്രധാനമന്ത്രി സ്ഥാനം ആര്‍ക്കെന്ന ചോദ്യത്തെ ഒഴിവാക്കാനാണ് ചെറുകക്ഷികളുടെ നേതാക്കളെല്ലാം ശ്രമിക്കുന്നത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റ് കക്ഷികളുടെ കാര്യത്തില്‍ അഭിപ്രായം സമാനമല്ല. അവരവരുടെ സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സഹായം തേടാനാണ് ഈ പാര്‍ട്ടികളുടെ എല്ലാം ശ്രമം.

കോണ്‍ഗ്രസിനെ സ്ഥിരമായി മായാവതി വേട്ടയാടുന്നുണ്ടെങ്കിലും ബിഎസ്പിയെ കൂടെ നിര്‍ത്താനായി കോണ്‍ഗ്രസ് കിണഞ്ഞുശ്രമിക്കുകയാണ്. മായാവതിയോട് രാഷ്ട്രീയത്തിന് അതീതമായി ബഹുമാനം മാത്രമെയുള്ളൂവെന്നാണ് രാഹുല്‍ ഒരു പ്രസംഗത്തിനിടെ പറഞ്ഞത്. എന്നാല്‍ മമതാ ബാനര്‍ജിയെ സംബന്ധിച്ച് മയത്തില്‍ പ്രതികരിക്കാന്‍ രാഹുല്‍ തയ്യാറായതുമില്ല.

അതിനിടെ ചരടുവലി തുടരുന്ന മമത, പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ അടുക്കുക എന്ന ലക്ഷ്യം വെച്ച്, ഇതേ ആഗ്രഹവുമായി നടക്കുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുമുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഇതര-ബിജെപി ഇതര സര്‍ക്കാരിനെ ആഗ്രഹിക്കുന്ന വ്യക്തിയാണ് ചന്ദ്രശേഖര്‍ റാവു.

ഏതായാലും യുപിഎ സര്‍ക്കാരിന് ഇത്തവണ വഴിതെളിഞ്ഞാലും പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായിരിക്കാനാണ് എല്ലാ സാധ്യതയും. രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനത്തെ കരിനിഴലിലാക്കി ചെറുകക്ഷികള്‍ തലപൊക്കുമെന്ന് ഉറപ്പാണ്. ഇതെല്ലാം ബിജെപിക്ക് ആശ്വാസം പകരുന്ന ഘടകങ്ങളുമാണ്.

Exit mobile version