വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക ആക്രമണം; തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ബിജെപി എംപിയുടെ കാര്‍ തകര്‍ത്തു

പോളിങ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ത്തന്നെ പശ്ചിമബംഗാളില്‍ പല പ്രദേശങ്ങളിലും സംഘര്‍ഷസാധ്യത നിലനിന്നിരുന്നു

കൊല്‍ക്കത്ത: 17ാം ലോക്‌സഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക അക്രമം. അസന്‍സോള്‍ മണ്ഡലത്തിലെ ചില പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ ബിജെപി – തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടെ, ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ബബുല്‍ സുപ്രിയോയുടെ കാര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തെന്ന് ബിജെപി ആരോപിച്ചു.

പോളിങ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ത്തന്നെ പശ്ചിമബംഗാളില്‍ പല പ്രദേശങ്ങളിലും സംഘര്‍ഷസാധ്യത നിലനിന്നിരുന്നു. ജമുയ മണ്ഡലത്തിലെ 222, 226 ബൂത്തുകളില്‍ സുരക്ഷയ്ക്ക് കേന്ദ്രസേനയില്ലെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. പോളിങ് ബൂത്തിന് മുന്നില്‍ പ്രതിഷേധിക്കുകയും പോളിങ് തടസ്സപ്പെടുത്തുകയും ചെയ്തു. ഇവിടേക്ക് പോകുന്ന വഴിയാണ് ബിജെപി എംപി ബബുല്‍ സുപ്രിയോയെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞതും കാര്‍ തകര്‍ത്തതും.

Exit mobile version