കൊച്ചി: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും രണ്ട് സീറ്റ് ഉറപ്പായും നേടുമെന്നും ആര്‍എസ്എസിന്റെ ആത്മവിശ്വാസം. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയം ഉറപ്പാക്കിയെന്ന് ആര്‍എസ്എസ് വിലയിരുത്തുന്നു. കോട്ടയത്ത് കെഎം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് വന്ന സാഹചര്യം എങ്ങനെയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ആര്‍എസ്എസ് വിശദീകരിക്കുന്നു.
അതേസമയം, വ്യക്തിപ്രഭാവം സുരേഷ് ഗോപിക്ക് തുണയായെങ്കിലും, അദ്ദേഹം വ്യക്തിപ്രഭാവത്തിന്റെ പേരില്‍ എത്ര വോട്ടു നേടുമെന്നതിനെ ആശ്രയിച്ചാവും വിജയസാധ്യതയെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടി വിലയിരുത്തുന്നു.
അതേസമയം, പത്തനംതിട്ടയിലെ വിജയം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടിവരുമെന്ന് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടായി പറഞ്ഞിരുന്നു.
തിരുവനന്തപുരത്തു വിജയം ഉറപ്പാണെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു. തെരഞ്ഞെടുപ്പു പ്രവര്‍ത്തന അവലോകനത്തിനായി സംഘപരിവാര്‍ സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു വോട്ടിങ് നിലയും വിജയസാധ്യതയും അവലോകനം ചെയ്യുന്ന യോഗം വൈകാതെ ചേരുമെന്നും ഗോപാലന്‍കുട്ടി അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
